Latest News

എന്‍.എ.സി.ടി. ഫൗണ്ടേഷന്റെ മികച്ച യുവജന സംഘടനക്കുള്ള പുരസ്‌കാരം ജെ.സി.ഐ. കാസര്‍കോടിന് സമ്മാനിച്ചു

കാസര്‍കോട്: സമൂഹത്തില്‍ നന്മയുടെ കതിര്‍മണികള്‍ വിതറുമ്പോഴാണ് പൊതുപ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവും സാര്‍ത്ഥകമാവുന്നതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.[www.malabarflash.com]

സഹജീവികളോടുള്ള സ്‌നേഹവും അനുകമ്പയും മനുഷ്യമനസ്സുകളില്‍ ചലനമുണ്ടാക്കുമ്പോഴാണ് സത്യസന്ധമായ സാമൂഹ്യ പ്രവര്‍ത്തനം സാധ്യമാകുന്നത്. ജെ.സി.ഐ.യുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നതെന്നത് ഈ തിരിച്ചറിവ് തങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പ്രസരിപ്പിക്കുമ്പോഴാണ്. എന്‍.എ.സി.ടി ഫൗണ്ടേഷന്‍ ഫോര്‍ യൂത്ത് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവജന സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ 'ബെസ്റ്റ് യൂത്ത് ഓര്‍ഗനൈസേഷന്‍' പുരസ്‌കാര ദാനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, ജെ.സി.ഐ കാസര്‍കോടിന്റെ 2016ലെ പ്രസിഡണ്ട് മുജീബ് അഹ്മദിനും ടീമിനും സമ്മാനിച്ചു. ട്രോഫിയും 25000 രൂപ കാഷ് അവാര്‍ഡും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ കരുത്ത് ഇവിടത്തെ യുവജന സമ്പത്താണ്. യുവാക്കളെ ശരിയായ ദിശയിലേക്ക് നയിച്ച് ഉത്തമ പൗരന്മാരാക്കി വളര്‍ത്തിക്കൊണ്ട് വരാന്‍ കഴിഞ്ഞാല്‍ അത് രാജ്യത്തിന്റെ സമഗ്രമായ വികസനത്തിലേക്ക് നയിക്കും. ജെ.സി.ഐ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഈ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്നും ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു.

സമൂഹ നന്മക്കായി സദാ ഉണര്‍ന്നു പ്രവര്‍ത്തിച്ച അന്തരിച്ച കെ.എം അഹ്മദ് മാഷിന്റെ മകന്‍ മുജീബ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ടീമിന് പുരസ്‌കാരം ലഭിച്ചത് ഏറെ മാധുര്യമുള്ളതാണെന്ന് ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു.
യുവാക്കളില്‍ ആത്മവിശ്വാസം വളര്‍ത്തി സാമൂഹ്യപരമായ ഇടപെടലുകള്‍ക്ക് അവരെ പ്രാപ്തരാക്കുകയാണ് ജെ.സി.ഐ.യുടെ ലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജെ.സി.ഐ മുന്‍ ദേശീയ പ്രസിഡണ്ടും അന്താരാഷ്ട്ര പരിശീലകനുമായ അഡ്വ. എ.വി വാമന്‍ കുമാര്‍ പറഞ്ഞു.

നല്ല വ്യക്തികളില്‍ നിന്നാണ് നല്ല സമൂഹവും കൂട്ടായ്മകളും കുടുംബവും ഉണ്ടാകുന്നതെന്ന് അധ്യക്ഷത വഹിച്ച ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ പറഞ്ഞു. ജെ.സി.ഐ.യുടെ ചിട്ടയായ പ്രവര്‍ത്തനവും പരിശീലനവും നല്ല വ്യക്തികളെയാണ് സമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, വൈസ് പ്രസിഡണ്ട് ടി.എ ഷാഫി, മുഹമ്മദ് മുബാറക്ക് ഹാജി, എന്‍.എ അബ്ദുല്‍ റഹ്മാന്‍, ജെ.സി.ഐ ദേശീയ കോര്‍ഡിനേറ്റര്‍ ടി.എം അബ്ദുല്‍ മഹ്‌റൂഫ്, ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കെ.ബി അബ്ദുല്‍ മജീദ്, സി.എല്‍ ഹമീദ്, ദഖീറത്ത് സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ ആര്‍.എസ്. രാജേഷ് കുമാര്‍ സംസാരിച്ചു. മുജീബ് അഹ്മദ് മറുപടി പ്രസംഗം നടത്തി.
ഫൗണ്ടേഷന്‍ ഡയറക്ടര്‍ വി.ആര്‍ ശ്രീനിവാസന്‍ സ്വാഗതവും അബൂബക്കര്‍ എര്‍മാളം നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.