ജിയോയുടെ വരവിന് ശേഷം കടുത്ത മത്സരമാണ് രാജ്യത്തെ ടെലികോം കമ്പനികള്‍ക്കിടയില്‍ ഇപ്പോള്‍ നടക്കുന്നത്. ജിയോയുടെ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടിയതോടെ പിടിച്ചുനില്‍ക്കാന്‍ സൗജന്യ കോളുകളും ഇന്റര്‍നെറ്റ് സേവനവും പ്രഖ്യാപിച്ച് മത്സരിക്കുകയാണ് മറ്റ് കമ്പനികള്‍. [www.malabarflash.com]
ഇതിനിടെ രാജ്യത്തെ നിലവിലെ ഒന്നാം സ്ഥാനക്കാരായ എയര്‍ടെല്ലിനെതിരെ പരാതിയുമായി ജിയോ, ടെലികോം റെഗുലേറ്ററി അതോരിറ്റിയെ സമീപിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കാണിക്കുന്നതിന് എയര്‍ടെല്ലില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കണമെന്നാണ് ജിയോയുടെ ആവശ്യം.
ജിയോ എഫക്ടില്‍ പിടിച്ചുനില്‍ക്കാന്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ കോളുകളും ഇന്റര്‍നെറ്റും ഓഫര്‍ ശുദ്ധ തട്ടിപ്പാണെന്നാണ് ജിയോ വാദിക്കുന്നത്. രാജ്യത്തെ നിലവിലുള്ള ടെലികോം നിയമങ്ങള്‍ ലംഘിച്ച് പരസ്യം ചെയ്യുന്ന എയര്‍ടെല്ലിനെതിരെ കഴിഞ്ഞയാഴ്ചയാണ് ജിയോ പരാതി നല്‍കിയത്. നേരത്തെ ജിയോ സൗജന്യ ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടിയതിനെതിരെ എയര്‍ടെല്‍ രംഗത്തെത്തിയിരുന്നു. ഇതടക്കമുള്ള പരാതികളില്‍ ട്രായ്, ജിയോക്ക് അനുകൂല നടപടിയെടുക്കുന്നെന്ന പാരാതിയും എയര്‍ടെല്ലിനുണ്ട്. മുകേശ് അംബാനിയുടെ ജിയോയും സുനില്‍ മിത്തലിന്റെ എയര്‍ടെല്ലും തമ്മിലുള്ള നിയമ യുദ്ധം എവിടെ എത്തുമെന്നാണ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്.
സൗജന്യമെന്ന് പറഞ്ഞ് എയര്‍ടെല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളൊന്നും യഥാര്‍ത്ഥത്തില്‍ ഫ്രീ അല്ലെന്നാണ് തെളിവുകള്‍ നിരത്തി ജിയോ വാദിക്കുന്നത്. സൗജന്യ ലോക്കല്‍/എസ്.ടി.ഡി കോളുകള്‍ക്കായി 345 രൂപയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചറാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിദിനം 300 മിനിറ്റുകളോ അല്ലെങ്കില്‍ പ്രതിവാരം 1200 മിനിറ്റുകളോ എന്ന പരിധിയുണ്ട്. രണ്ടില്‍ ഏതാണോ ആദ്യമെത്തുന്നത് അപ്പോള്‍ ഓഫര്‍ അവസാനിക്കും. ശേഷമുള്ള കോളുകള്‍ക്ക് 30 പൈസ വീതം ഈടാക്കുന്നുമുണ്ട്.
അതുകൊണ്ടുതന്നെ പരിധിയില്ലാത്ത കോളുകള്‍ സൗജന്യമെന്ന പേരില്‍ ഈ ഓഫര്‍ പരസ്യം ചെയ്യുന്നത് തട്ടിപ്പാണ്. പരിധിയില്ലാത്ത ഇന്റര്‍നെറ്റ് സൗജന്യമെന്ന പേരില്‍ 345 രൂപയുടെ വൗച്ചര്‍ റീച്ചാര്‍ജ്ജ് ചെയ്യിപ്പിക്കുന്നതിനാല്‍ അതിനെയും സൗജന്യമെന്ന് വിളിക്കാനാവില്ലെന്ന് ജിയോ വാദിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വലിയ നിയമലംഘനങ്ങളാണ് എയര്‍ നടത്തുന്നതെന്നും ശക്തമായി നടപടി അവര്‍ക്കെതിരെ സ്വീകരിക്കണമെന്നും ജിയോയുടെ പരാതി ആവശ്യപ്പെടുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment