Latest News

കണ്ണൂരിന്റെ പൈതൃകത്തിന് വർണം ചാലിച്ചു വരക്കൂട്ടം

കണ്ണൂർ: സംസ്‌ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രചാരണാർഥം കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച ചിത്രകാരന്മാരുടെ സംഗമം ശ്രദ്ധേയമായി.[www.malabarflash.com] 

57–ാമത് സ്കൂൾ കലോത്സവത്തിനു സ്വാഗതമേകി 57 മീറ്റർ കാൻവാസിൽ 57 ചിത്രകാരന്മാർ 57 മിനിറ്റുകൊണ്ടാണു ചിത്രരചന പൂർത്തിയാക്കിയത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

അധ്യാപകരും വിദ്യാർഥികളും ചിത്രകാരന്മാരും കാൻവാസിൽ കണ്ണൂരിന്റെ ചിത്രമൊരുക്കി. കണ്ണൂർ സെന്റ് ആഞ്ചലോ കോട്ടയും രൗദ്രഭാവത്തിൽ ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളും ഉത്തരമലബാറിന്റെ കളരിയുടെ മേനിയഴകും വാളും പരിചയും കാൻവാസിൽ നിറഞ്ഞാടി. അരങ്ങുണർത്തുന്ന മൃദംഗവും തബലയും കലോത്സവ നൃത്തച്ചുവടുകളും മിഴിവേകി.

പൂവുകളും നാട്ടുവഴികളും ഓലപ്പുരകളും ഭൂതകാല സ്മരണകളെ തൊട്ടുണർത്തി. ചിത്രകാരന്മാരായ വർഗീസ് കളത്തിൽ, ടി.ദീപേഷ്, സദാനന്ദൻ, പി.കെ.ബാബു, സനേഷ് കൂടാളി, ബൈജു, മോഹനൻ, അഫീഫ്, അരുൺജിത്ത് പഴശി, കലേഷ് പയ്യന്നൂർ, സൈമൺ, സതീഷ് തുടങ്ങിയ കലാകാരന്മാർക്കൊപ്പം ടാഗോർ വിദ്യാലയത്തിലെ വിദ്യാർഥികളും പയ്യാവൂർ സേക്രഡ് ഹാർട്ട്, മട്ടന്നൂർ എച്ച്എസ്എസ്, കൂടാളി എച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാർഥികളും ചിത്രരചനയിൽ പങ്കാളികളായി.പ്രോത്സാഹനമായി അധ്യാപകരുമെത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെള്ളോറ രാജൻ, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.