Latest News

ഹജ്ജ്‌ സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിനോട് അനുകൂല നിലപാടെന്ന് കെ.ടി. ജലീൽ

കോഴിക്കോട്: ഹജ്ജ്‌ സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ അനുകൂലിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ. [www.malabarflash.com]

ഹജ്ജിന് പോകാൻ സബ്സിഡി നൽകേണ്ടെന്നാണ് തന്റെ വ്യക്‌തിപരമായ അഭിപ്രായമെന്നും മറ്റൊരാളുടെ ചെലവിൽ ഹജ്ജിന് പോകണമോയെന്ന് ഹാജിമാർ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി, ന്യൂനപക്ഷക്ഷേമ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

നേരത്തെ, ഹജ്ജ്‌ തീർഥാടകർക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2022ഓടെ ഹജ്ജ്‌ തീർഥാടകർക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്യണമെന്ന 2012ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇക്കാര്യം പരിശോധിക്കുന്നതിനായി കേന്ദ്ര സർക്കാർ ആറംഗ സമിതിയെ നിയോഗിച്ചു.

സബ്സിഡി തുകയായി വർഷം തോറും നൽകുന്ന 650 കോടി രൂപ ആ വിഭാഗത്തിന്റെ വിദ്യാഭ്യാസ–സാമൂഹിക ഉന്നമനത്തിനായി വിനിയോഗിക്കണമെന്ന് സുപ്രീംകോടതി വിധിയിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സബ്സിഡിയില്ലാതെ ഹജ്ജ്‌ തീർഥാടനം നടത്തുന്നതിനുള്ള വഴികളാണ് കേന്ദ്രം അന്വേഷിക്കുന്നത്.

ഇന്ത്യയുടെ ഹജ്ജ്‌ ക്വാട്ട സൗദി അറേബ്യ ഉയർത്തിയതിന് പിന്നാലെയാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചത്. 30 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവ് വരുത്തിയ സൗദി ഇന്ത്യയുടെ വാർഷിക ക്വാട്ട 34,500 ആയാണ് വർധിപ്പിച്ചത്. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുമ്പായി കമ്മിറ്റി വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.