Latest News

മന്‍സൂര്‍ അലിയുടെ ഘാതകന്‍ തമിഴ്‌നാട്ടിലേയ്ക്ക് മുങ്ങിയത് പുതിയ സിം കാര്‍ഡുമായി; അന്വേഷണം ഊര്‍ജ്ജിതം


കാസര്‍കോട്: വിദ്യാനഗര്‍, ചെട്ടുംകുഴിയിലെ സ്വര്‍ണ്ണ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മന്‍സൂര്‍ അലിയെ തെറ്റിദ്ധരിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. [www.malabarflash.com]

കൊലപാതകത്തിന്റെ മുഖ്യ പ്രതിയായ തമിഴ്‌നാടു സ്വദേശിയും ബായാറില്‍ വര്‍ഷങ്ങളായി താമസക്കാരനുമായ ആളെ കണ്ടെത്താനാണ് ശ്രമം. കൊലപാതകത്തിനു ശേഷം കര്‍ണ്ണാടകയിലേയ്ക്കു കടന്ന മുഖ്യപ്രതി മൈസൂരിലെത്തിയിരുന്നു. ഈ വിവരമറിഞ്ഞ് പൊലീസ് സംഘം അവിടെ വരെ എത്തിയിരുന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്നു തിരിച്ചറിഞ്ഞ പ്രതി അവിടെ നിന്നു തമിഴ്‌നാട്ടിലേയ്ക്കു രക്ഷപ്പെടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള വിവരം. അതിനു മുമ്പു നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളെല്ലാം സ്വിച്ച് ഓഫാക്കുകയും ചെയ്തു. അതിനു ശേഷം മറ്റൊരു സിം കാര്‍ഡ് സ്വന്തമാക്കുകയോ അതുവരെ ഉപയോഗിക്കാതിരിക്കുകയോ ചെയ്ത സിം കാര്‍ഡ് ഉപയോഗിക്കുന്നതായും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്.

ഈ നമ്പരിനെ പിന്തുടര്‍ന്ന് രക്ഷപ്പെട്ടയാളെ ഉടന്‍ കണ്ടെത്താമെന്നാണ് പോലീസിന്റെ കണക്കു കൂട്ടല്‍. ഈ മാസം 25 ന് ആണ് മുഹമ്മദ് മന്‍സൂര്‍ ബായാര്‍, മുളിഗദ്ദെയില്‍ കൊല്ലപ്പെട്ടത്. സ്വര്‍ണ്ണ ബിസിനസുകാരനായ ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലക്ഷങ്ങള്‍ തട്ടുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.




Keywords: Kasargod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.