Latest News

മാറാട് കേസില്‍ ലീഗ് നേതാക്കളെ ഉള്‍പ്പെടുത്തി സി.ബി.ഐയുടെ എഫ്.ഐ.ആര്‍

കോഴിക്കോട്: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ മുസ്ലീം ലീഗ് നേതാക്കള്‍ അടക്കമുള്ളവരെ പ്രതികളാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.[www.malabarflash.com]

എം.സി മായിന്‍ ഹാജി, പി.പി. മെയ്തീന്‍ കോയ എന്നീ ലീഗ് നേതാക്കളും നാല് മഹല്ല് കമ്മിറ്റി അംഗങ്ങള്‍, പേര് പറഞ്ഞിട്ടില്ലാത്ത ചില എന്‍.ഡി.എഫ് നേതാക്കള്‍, ഏതാനും തീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മാറാട് കലാപത്തിന്റെ ഗൂഢാലോചനയാണ് സി.ബി.ഐ അന്വേഷിക്കുന്നത്.

നേരത്തെയുള്ള ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയാണ് സി.ബി.ഐ ചെയ്തത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ്.പി.ജോസഫിന്റെ റിപ്പോര്‍ട്ടില്‍ ദേശസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ നവംബര്‍ 10 നാണ് രണ്ടാം മാറാട് കലാപത്തിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി സി.ബി.ഐയെ ചുമതലപ്പെടുത്തി ഉത്തരവിട്ടത്. നേരത്തെ സി.ബി.ഐ ഈ കേസ് അന്വേഷിക്കാന്‍ വിമുഖത കാട്ടിയെങ്കിലും പിന്നീട് കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. 2003 മേയ് രണ്ടിന് മാറാട് കടല്‍ത്തീരത്ത് നടന്ന കൂട്ടക്കൊലയില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.

മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ്.പി.ജോസഫ് സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ച് രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദബന്ധം പ്രത്യേക കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കൊളക്കാടന്‍ മൂസഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സി.ബി.ഐയ്ക്ക് അന്വേഷണ ചുമതല നല്‍കിയത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.