Latest News

സ്വര്‍ണക്കപ്പെത്തി; സ്‌കൂള്‍ കലോത്സവത്തിനു കണ്ണൂര്‍ ഒരുങ്ങി

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം പോലീസ് മൈതാനത്തു തിങ്കളാഴ്ച നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. [www.malabarflash.com]

ഗായിക കെ.എസ്.ചിത്രയെ ആദരിക്കും. അന്‍പത്തിയേഴാം കലോത്സവത്തെ പ്രതിനിധീകരിച്ചു 57 സംഗീതാധ്യാപകര്‍ സ്വാഗതഗാനം ആലപിക്കും.

പ്രധാന വേദിയായ പോലീസ് മൈതാനത്തെ 'നിള'യില്‍ തിങ്കളാഴ്ച 9.30നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. 10നു റജിസ്‌ട്രേഷന്‍. ഘോഷയാത്ര 2.30നു സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തു നിന്ന് ആരംഭിക്കും.

നദികളുടെ പേരിലുള്ള 20 വേദികളിലെ 232 ഇനങ്ങളിലായി 12,000 വിദ്യാര്‍ഥികള്‍ മത്സരിക്കും. സമാപന സമ്മേളനം 22നു വൈകിട്ട് നാലിനു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

2.10കോടി രൂപയാണു കലോത്സവത്തിനു ചെലവു പ്രതീക്ഷിക്കുന്നത്.
സ്‌റ്റേഡിയം കോര്‍ണറിലെ 'മയ്യഴി' വേദിയില്‍ 17 മുതല്‍ 22 വരെ സാംസ്‌കാരിക പരിപാടികള്‍ നടക്കുമെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജസ്സി ജോസഫ് എന്നിവര്‍ അറിയിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പിന് ജില്ലയില്‍ വരവേല്‍പ്പ് നല്‍കി. കലോത്സവത്തില്‍ ചാമ്പ്യന്‍മാരാകുന്ന ടീമിന് സമ്മാനിക്കുന്ന 117.5 പവന്‍ സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ മാഹിപ്പാലത്ത് സംഘാടകസമിതി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ സി.കൃഷ്ണന്‍ എം.എല്‍.എ., എ.എന്‍.ഷംസീര്‍ എ.എല്‍.എ., മേയര്‍ ഇ.പി.ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍, ഡി.പി.ഐ.കെ.വി.മോഹന്‍കുമാര്‍, എ.ഡി.പി.ഐ. ജെസ്സി ജോസഫ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വരവേല്‍പ്പ് നല്‍കി.

സൈദാര്‍ പള്ളി, തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ്, കൊടുവള്ളി, മുഴപ്പിലങ്ങാട്, എടക്കാട്, ചാല ബൈപ്പാസ്, താഴെ ചൊവ്വ, മേലെ ചൊവ്വ, കാള്‍ടെക്‌സ്, കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് ട്രഷറിയിലെ ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു.

ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരാണ് സ്വര്‍ണക്കപ്പിന്റെ മാതൃക വരച്ചുണ്ടാക്കിയത്. കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ആശയമായിരുന്നു കപ്പ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം.ജേക്കബാണ് സ്വര്‍ണക്കപ്പ് ആദ്യമായി നടപ്പാക്കിയത്. 1987ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലാണ് ആദ്യ ജേതാക്കളായ തിരുവനന്തപുരം കപ്പ് ട്രഷറിയിലെത്തിച്ചത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.