മണാലി: തൃശൂര്‍ സ്വദേശിനിയായ ഷിഫ അബ്ദുള്‍ നിസാര്‍ മണാലിയില്‍ കൊല്ലപ്പെട്ടത് മഞ്ഞുവീഴ്ചയില്‍ പെട്ടാണെന്നു സംശയം. ടൂറിസ്റ്റുകള്‍ അധികം സന്ദര്‍ശിക്കാത്ത പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ക്രിസ്മസ് ആഘോഷത്തിന് മണാലിയിലെത്തിയ ഷിഫ മഞ്ഞുവീഴ്ചയില്‍ പെട്ട് മരവിച്ചാണ് മരിച്ചത്. [www.malabarflash.com]
തൃശൂര്‍ വലിയാലുക്കല്‍ അബ്ദുള്‍ നിസാറിന്റെയും ഷര്‍മ്മിളയുടെയും മകളാണ് ഷിഫ. ജനവരി 29നാണ് പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും മണാലിയിലെ ബഹാങിലെ ബീസ് നദിക്കരയില്‍ നിന്നും കണ്ടെത്തി.
മൃതദേഹവും ഇതിന് സമീപത്ത് നിന്നാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്നാണ് മൃതദേഹം ഷിഫയുടേത് തന്നെയാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള മൃതദേഹം സംസ്‌കരിക്കുന്നതിന് മുന്‍പ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ മരണവിവരം സംബന്ധിച്ച സ്ഥിരീകരണം നല്‍കാന്‍ കഴിയൂയെന്നാണ് പോലീസ് പറയുന്നത്.
ഇവന്റ് മാനേജ്‌മെന്റ് ജോലി ചെയ്യുന്ന ഷിഫ ജോലിയുടെ ഭാഗമായി മുംബൈ, ദില്ലി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ദില്ലിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴി മണാലി സന്ദര്‍ശിച്ച ഷിഫയെ അവിടെ നിന്നും കാണാതാവുകയായിരുന്നു. ജനുവരി ഏഴിനാണ് ഷിഫ മണാലിയില്‍ നിന്നും അവസാനമായി ഫോണില്‍ ബന്ധപ്പെട്ടതെന്ന് പിതാവ് പറയുന്നു. ജനുവരി 15ന് വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. പിന്നീട് വിവരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍, ഷിഫയുടെ പിതാവ് ചെന്നൈയിലെ ബന്ധുക്കള്‍ വഴി അന്വേഷണവും നടത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഷിഫ കൊല്ലപ്പെട്ടെന്ന വിവരം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും ബന്ധുക്കള്‍ മണാലിയിലേക്ക് തിരിച്ചെന്നും ഷിഫയുടെ പിതാവ് അറിയിച്ചു. ക്രിസ്മസ് ദിവസമാണ് ഷിഫ അവസാനമായി ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. ജോലിയുടെ ഭാഗമായി നിരന്തരം രാജ്യം മുഴുവന്‍ യാത്രചെയ്യുന്ന ആളായതുകൊണ്ടാണ് ഷിഫയെക്കുറിച്ചു വിവരമില്ലാതിരുന്നിട്ടും പരാതി നല്‍കാതിരുന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment