Latest News

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം; കേരള പ്രവാസി സംഘം ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തും

കാസര്‍കോട്: ജില്ലയ്ക്ക് അനുവദിച്ച പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈകിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ പത്തിന് കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുള്ള, ജില്ലാ പ്രസിഡന്റ് ജലീല്‍ കാപ്പില്‍, ട്രഷറര്‍ വി വി കൃഷ്ണന്‍, അഷറഫ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. [www.malabarflash.com]

പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.
കേരളാ പ്രവാസി സംഘത്തിന്റെയും പി കരുണാകരന്‍ എംപിയുടെയും നിരന്തര ഇടപെടലിന്റെ ഭാഗമായി അനുവദിച്ച സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 28ന് നടക്കേണ്ടതായിരുന്നു. എന്നാല്‍ അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും കംപ്യൂട്ടറുകളും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുവദിച്ചിട്ടില്ല.
സംസ്ഥാനത്ത് നാളിതുവരെയുള്ള സര്‍ക്കാരുകളിലേതില്‍നിന്ന് വ്യത്യസ്തമായി എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ മികച്ച പരിഗണനയാണ് പ്രവാസികള്‍ക്ക് ലഭിച്ചത്. 117.5 കോടി രൂപയാണ് പ്രവാസിക്ഷേമത്തിന് നീക്കിവച്ചത്. അഞ്ഞൂറില്‍നിന്ന് 2000 രൂപയാക്കി പെന്‍ഷനും വര്‍ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ പ്രവാസികളോട് കടുത്ത അവഗണനയാണ് കേന്ദ്രം തുടരുന്നത്.
മംഗളൂരു വിമാനത്താവളത്തില്‍ മലയാളികളായ പ്രവാസി യാത്രകരോട് കസ്റ്റംസ് അധികൃതര്‍ കാട്ടുന്ന ക്രൂരവും നിന്ദ്യവുമായ നടപടി പ്രതിഷേധാര്‍ഹമാണ്. ഇത്തരം നടപടി തുടര്‍ന്നാല്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ചുള്‍പ്പെടെയുള്ള സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.