Latest News

ബാബറി മസ്ജിദ് കേസ്: അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണം


ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. [www.malabarflash.com]

നേതാക്കള്‍ക്ക് എതിരായ ഗൂഢാലോചനക്കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിച്ചു. അദ്വാനിക്ക് പുറമെ മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ അടക്കമുള്ള 13 പേര്‍ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധി. എന്നാല്‍, മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് വിചാരണ നേരിടേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രധാന ഉത്തരവ്. അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവരുള്‍പ്പെടെ 13 പേരുടെ ഗൂഢാലോചനക്കുറ്റം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി മാര്‍ച്ച് ആറിന് വ്യക്തമാക്കിയിരുന്നു.

1992 ലാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ വിചാരണ നടക്കുന്നുണ്ട്. ഗൂഢാലോചന കേസിന് പുറമെ മസ്ജിദ് തകര്‍ത്ത സംഭവത്തിലാണ് രണ്ടാമത്തെ കേസ്. ഈ രണ്ട് കേസുകളിലും ഒരുമിച്ച് വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസില്‍ അദ്വാനി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് സി.ബി.ഐ. കുറ്റപത്രം നല്‍കിയിരുന്നത്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണവും ആരോപണവും ഉന്നയിക്കല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പിന്നീട് ഗൂഢാലോചനക്കുറ്റവും ചുമത്തിയെങ്കിലും ഇത് വിചാരണക്കോടതി റദ്ദാക്കുകയും ഹൈക്കോടതി ശരിവെക്കുകയുമായിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.