Latest News

ഉദുമ പഞ്ചായത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ അപകടാവസ്ഥയില്‍

ഉദുമ: പഞ്ചായത്തിലെ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അപകടാവസ്ഥയില്‍. ഉദുമ ടൗണിലും ബേക്കല്‍ പോലീസ് സ്റ്റേഷന് സമീപവുമുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് തകര്‍ന്നുവീഴാന്‍ പാകത്തിലുള്ളത്.[www.malabarflash.com]

കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള യാത്രക്കാര്‍ ഉദുമ ടൗണില്‍ ബസ് കാത്തിരിക്കുന്ന കേന്ദ്രത്തിന്റെ വടക്കേ അറ്റത്തെ തൂണ് ഒരിഞ്ച് അകലത്തില്‍ പൊട്ടി അകന്ന നിലയിലാണ്. ഇതിന്റെ അകത്ത് പാകിയ ടൈലുകളും ഇളകി പോയി. നിര്‍മിച്ചിട്ട് പത്ത് വര്‍ഷം പോലുമാകാത്ത ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്.

ബേക്കല്‍ പോലീസ് സ്റ്റേഷന് മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രവും അപകടാവസ്ഥയില്‍ തന്നെയാണ്. ഇരുപത് വര്‍ഷത്തിലധികം പഴക്കമുള്ള ഈ കേന്ദ്രം നേരത്തെ തന്നെ കോണ്‍ക്രീറ്റ് ഇളകി വീഴുന്ന സ്ഥിതിയിലായിരുന്നു. അതിനിടയില്‍ കഴിഞ്ഞ ആഴ്ച നിയന്ത്രണം വിട്ട് കാര്‍ ഇതിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. വാഹനമിടിച്ചതോടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകള്‍ക്ക് പൊട്ടല്‍ വീണു.

അപകടാവസ്ഥയിലായ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഉടനെ പൊളിച്ചു നീക്കുമെന്ന് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദാലി പറഞ്ഞു. 

ഈ വര്‍ഷത്തെ പദ്ധതികള്‍ തയ്യാറായി കഴിഞ്ഞതിനാല്‍ പുതിയ കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഉണ്ടാകാന്‍ അടുത്ത വര്‍ഷത്തെ പദ്ധതി വരെ ഉദുമയിലെ നാട്ടുകാര്‍ കാത്തിരിക്കേണ്ടിവരും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.