Latest News

തിരുവാഭരണം പണയം വെച്ച മേല്‍ശാന്തി അറസ്റ്റില്‍

കോഴിക്കോട്: തിരുവാഭരണം പണയം വെച്ച മേല്‍ശാന്തി അറസ്റ്റില്‍. കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണമാണ് മേല്‍ശാന്തി തന്ത്രിമഠം അനീഷ് നമ്പൂതിരി രണ്ട്‌ലക്ഷത്തിലധികം രൂപയ്ക്ക് പണയം വച്ചത്.[www.malabarflash.com]

നാല്‍പ്പത് പവനോളം തൂക്കം വരുന്ന തിരുവാഭരണം മാര്‍ച്ച് 17 മുതല്‍ കാണാനില്ലെന്ന് കാട്ടി ക്ഷേത്രം മാനേജര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തിരുവാഭരണം പണയം വെച്ചതു സംബന്ധിച്ച വിവരം ലഭിച്ചത്.

സാമൂതിരിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ക്ഷേത്രത്തിലെ തിരുവാഭരണം വിലമതിക്കാനാവാത്തതാണ്. കിരീടം, മാല, പതക്കം തുടങ്ങിയ എട്ടിനം ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. പണയംവെച്ചതും വീട്ടില്‍ സൂക്ഷിച്ചിരുന്നതുമായ എല്ലാ ആഭരണങ്ങളും പോലീസ് കണ്ടെത്തി.

ഉത്സവത്തിനണിയാന്‍ മാര്‍ച്ച് ഏട്ടിനാണ് മാനേജര്‍ തിരുവാഭരണം ലോക്കറില്‍നിന്നെടുത്ത് മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്. മാര്‍ച്ച് പതിനഞ്ചിന് ഉത്സവം സമാപിച്ച ശേഷം തിരുവാഭരണം ക്ഷേത്രം മാനേജരെ തിരിച്ചേല്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍, അനീഷ് നമ്പൂതിരിയോട് മാനേജര്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും തിരുവാഭരണം തിരിച്ചേല്‍പ്പിച്ചിരുന്നില്ല. രാമനവമി ആഘോഷത്തിന് തിരുവാഭരണം ചാര്‍ത്തേണ്ടതായിരുന്നു. എന്നാല്‍, ഇതുണ്ടായില്ല. തുടര്‍ന്നാണ് മാനേജര്‍ പോലീസിന് പരാതി നല്‍കിയത്.

മാര്‍ച്ച് പതിനേഴിന് ശ്രീകൃഷ്ണപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ തിരുവാഭരണത്തിലെ 23 ഗ്രാം മാലയാണ് ആദ്യം പണയംവെച്ചത്. തുടര്‍ന്ന്, 23ന് ഇതേ സ്ഥാപനത്തില്‍ നാല് ഗ്രാം വരുന്ന ആഭരണം 8000 രൂപയ്ക്ക് പണയംവെച്ചു. ശ്രീകൃഷ്ണപുരത്ത് മറ്റൊരു വ്യക്തി നടത്തുന്ന സ്ഥാപനത്തില്‍ 35,000 രൂപയ്ക്ക് ഒരു പതക്കവും പണയംവെച്ചിരുന്നതായി പോലീസ് കണ്ടെത്തി.

ചെത്തല്ലൂരിലെ ഒരു സ്വകാര്യവ്യക്തിയുടെ പക്കലാണ് തിരുവാഭരണത്തിലെ കിരീടം പണയംവെച്ചത്. മുന്‍ ശബരിമല മേല്‍ശാന്തിയുടെ ബന്ധുവാണെന്നും അദ്ദേഹം നല്‍കിയ കിരീടമാണെന്നും വിശ്വസിപ്പിച്ചായിരുന്നു 170000 രൂപയ്ക്ക് കിരീടം പണയംപെച്ചത്.

വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാലക്കാട്ടുള്ള ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് അനീഷ് 15 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. ഒരു മാസം മുമ്പാണ് അനീഷിന്റെ വിവാഹം നടന്നത്. ഇതിനും ഒന്നരലക്ഷത്തോളം രൂപ ചെലവായി. സാമ്പത്തികബുദ്ധിമുട്ടാണ് തിരുവാഭരണം വെച്ച് വായ്പയെടുക്കാന്‍ ഇടയാക്കിയതെന്ന് അനീഷ് പോലീസിനോട് സമ്മതിച്ചു. നാലുവര്‍ഷം മുമ്പാണ് അനീഷ് മേല്‍ശാന്തിയായി ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.