Latest News

ചിത്താരി പാലത്തില്‍ അപകടത്തില്‍പ്പെട്ട കാര്‍ അമിതവേഗത്തിന് പിടിയിലായത് 25 തവണ

ബേക്കല്‍: ചിത്താരിക്കും ചേറ്റുകുണ്ടിനും ഇടയിലെ പാലത്തിന്റെ കൈവരിയിലിടിച്ചുനിന്ന കാര്‍ അമിതവേഗത്തിന് പിടിയിലായത് 25 തവണ. വാഹനങ്ങളുടെ അമിതവേഗം തടയാന്‍ സംസ്ഥാനത്താകെ മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍നിന്നുള്ള രേഖയിലെ കണക്കാണിത്. [www.malabarflash.com]

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ചിത്താരിപ്പാലത്തിന്റെ കൈവരിയില്‍ കെ.എല്‍. 18 പി. 3163 കാര്‍ അപകടത്തില്‍പ്പെട്ടത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് പുതിയ പാലത്തിന്റെ വലതുഭാഗത്തെ കൈവരിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്.

ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യാത്രക്കാരെ ആസ്​പത്രിയിലെത്തിച്ചു. വാഹനത്തിനുള്ളിലെ എയര്‍ ബാഗ് സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

പാലത്തിന്റെ കൈവരിതകര്‍ത്ത് മുന്നിലേക്കുപോയിരുന്നെങ്കില്‍ കാര്‍ ചിത്താരി പുഴയില്‍ വീഴുമായിരുന്നു. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ പുതിയ പാലം വന്നപ്പോള്‍ കാസര്‍കോടുഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് പഴയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. 

സംസ്ഥാനപാതയിലൂടെ ആദ്യമായി വരുന്നവര്‍ക്ക് ഇടതുഭാഗത്തുകൂടിയുള്ള ഈ വഴി കൃത്യമായി മനസ്സിലാകാത്തത് അപകടം വരുത്താന്‍ ഇടയുണ്ട്.
ചൊവ്വാഴ്ച അപകടമുണ്ടായത് റോഡുസംബന്ധിച്ച ആശയക്കുഴപ്പത്തില്‍ നിന്നാണെന്ന് സൂചനയുണ്ട്.

മുംബൈയില്‍നിന്ന് വടകരയ്ക്ക് പോവുകയാണെന്നാണ് കാറിലുണ്ടായിരുന്നവര്‍ നാട്ടുകാരോട് പറഞ്ഞത്. മഹാരാഷ്ട്ര സാംഗ്ലി കൗത്തോളി തെഹസില്‍ യമാജിവാഡയിലെ അനില്‍സര്‍ജെറാവു കദമാണ് കാര്‍ ഉടമ. 

വാഹനം രജിസ്റ്റര്‍ചെയ്തിരിക്കുന്നത് വടകര ആര്‍.ടി.ഒ.യിലാണ്. അനുപമ അപ്പാര്‍ട്ട്‌മെന്റ്, പുളിക്കൂല്‍ റോഡ്, വടകര എന്ന പ്രാദേശിക മേല്‍വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.