Latest News

ആവേശം വിതറി ഫുട്ബോൾ പരിശീലന ക്യാമ്പ്

നീലേശ്വരം: വേനലവധിക്കാലത്ത് കുട്ടികൾക്ക് ആവേശം നൽകി സംഘടിപ്പിച്ച ഫുട്ബോൾ പരിശീലന ക്യാമ്പ് കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.[www.malabarflash.com]

മലപ്പുറം ജില്ല അറിയപ്പെടുന്നത് പോലെ ഫുടബോൾ ലഹരിയുടെ നാടാണ് കാസറകോട്  ജില്ലയിലെ കോട്ടപ്പുറം പ്രദേശം. അവിഭക്ത കണ്ണൂർ ജില്ലയിലെ പ്രശസ്തമായ ഇഖ്ബാൽ സ്പോർട്സ് ക്ലബ്ബിലൂടെ പ്രഗത്ഭരായ ഒട്ടേറെ പ്രതിഭകളെ കായിക മേഖലക്ക് നൽകിയിരുന്നു ഈ പ്രദേശം. പിൽക്കാലത്ത് ഉപജീവനാർത്ഥം ഗൾഫ് മേഖലയിലുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള പറിച്ചു നടൽ മറ്റു പ്രദേശങ്ങളെന്ന പോലെ തന്നെ കോട്ടപ്പുറത്തെയും കായിക മേഖലക്ക് മങ്ങലേർപ്പെടുത്തി. 

പഴയ ഗൃഹാതുരസ്മരണകളുടെ നോവ് പേറി നഷ്ടപ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി. പ്രവർത്തകർ കോട്ടപ്പുറം ഗ്രീൻ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കോട്ടപ്പുറം സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ മൈതാനത്ത് പുതുതലമുറക്കായി ഈ മധ്യവേനവധിക്കലാത്ത് ഫുട്ബോൾ പരിശീലന ക്യാമ്പ് ഒരുക്കിയത്. 

മുസ്ലിം യൂത്ത് നേതാവായ പി.സി. ഇഖ്ബാലിനാണ് ക്യാമ്പിന്റെ മുഴുവൻ സമയ ചുമതലയും നടത്തിപ്പും. എട്ട് വയസ്സിനും പതിനഞ്ച് വയസ്സിനുമിടയിലുള്ള അറുപത്തിനാല് കുട്ടികൾ ഈ പരിശീലന കളരിയിൽ ഏർപ്പെട്ടിരിക്കുന്നു. രാവിലെ 6 മണി മുതൽ 9 മണി വരെയാണ് എല്ലാ ദിവസവും പരിശീലനം. 

കർശന ചിട്ടയോടെ നടക്കുന്ന ക്യാമ്പിൽ ശാസ്ത്രീയമായ എല്ലാ വ്യായാമ മുറകളും കുട്ടികളെ അഭ്യസിപ്പിക്കുന്നുണ്ട്. കൂടാതെ വൈകുന്നേരങ്ങളിൽ സമീപ പ്രദേശങ്ങളായ തൈക്കടപ്പുറം, കടിഞ്ഞിമൂല, ഓർച്ച, നീലേശ്വരം, പള്ളിക്കര, ചിറാപ്പുറം, ബങ്കളം തുടങ്ങിയ പ്രദേശങ്ങളിൽ മത്സരങ്ങളിലെ പരിചയ സമ്പത്തിന് വേണ്ടി കുട്ടികൾക്ക് സൗഹൃദ ഫുടബോൾ മത്സരവും വിവിധ ദിവസങ്ങളിൽ ഏർപ്പാട് ചെയ്തിട്ടുണ്ട്. 

ഏപ്രിൽ മാസത്തിൽ ആരംഭിച്ച ക്യാമ്പ് 40 ദിവസത്തെ തീവ്ര പരിശീലന മുറയ്ക്ക് ശേഷം വെള്ളിയാഴ്‌ച സമാപിക്കും. ക്യാമ്പിന്റെ സമാപനം വലിയ ആഘോഷമാക്കുവാനാണ് നാട്ടുകാർ തീരുമാനിച്ചിരിക്കുന്നത്. സമാപന പരിപാടിയിൽ വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെ.എം.സി.സി. ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും. 

പരിശീലനം പൂർത്തീകരിച്ച ക്യാമ്പംഗങ്ങൾക്ക് സ്പോർട്ട്സ് കിറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും സംഘാടകർ തയ്യാറാക്കിയിട്ടുണ്ട്. കോട്ടപ്പുറത്ത് സ്പോർട്സ് രംഗത്ത് പഴയകാല പ്രതാപം വീണ്ടെടുക്കുമാറ് സുസജ്ജമായ ഒരു ഫുടബോൾ ടീമിനെ വാർത്തെടുക്കുകയാണ് സംഘാടകരുടെ ലക്‌ഷ്യം.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.