Latest News

സംസ്ഥാനത്തെ ആദ്യത്തെ സ്വതന്ത്ര വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കാസര്‍കോടിന് സ്വന്തം

കാസര്‍കോട്: ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിനുവേണ്ടി കാസര്‍കോട് വിദ്യാനഗറില്‍ നിര്‍മ്മിച്ച കെട്ടിടം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കെട്ടിടം ഉദ്ഘാടനം നടത്തിയത്.[www.malabarflash.com] 

സംസ്ഥാനത്തെ ആദ്യത്തെ സ്വതന്ത്ര വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റാണ് കാസര്‍കോടിന് ഇതോടെ സ്വന്തമാകുന്നത്. നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി വിദ്യാനഗറില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപമാണ് വെക്ടര്‍ കണ്‍ട്രോള്‍ യുണിറ്റ് പ്രവര്‍ത്തിക്കുന്നത്.
എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ.സവിത, ചെങ്കള പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷമീല തന്‍വീര്‍, പൊതുമരാമത്ത് അസി.എഞ്ചീനിയര്‍ ഷിനിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:എ.പി.ദിനേഷ് കുമാര്‍ സ്വാഗതവും ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍ നന്ദിയും പറഞ്ഞു.
കൊതുകുകള്‍ ഉള്‍പ്പെടെ രോഗം പകര്‍ത്തുന്ന കീടങ്ങളെ ജില്ലയിലെ എല്ലാ പ്രദേശങ്ങളും സന്ദര്‍ശിച്ച് നിരീക്ഷിക്കുകയും രോഗ സാധ്യത മനസ്സിലാക്കി രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വേണ്ടി കീടനാശിനി തളിക്കല്‍, ഫോഗിംഗ്, ഉറവിടനശീകരണം, രാത്രികാല മന്ത് രോഗ നിര്‍ണ്ണയ രക്ത പരിശോധന, അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുളള രക്ത പരിശോധന, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, പ്രദര്‍ശനങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് വെക്ടര്‍ യൂണിറ്റ് പ്രധാനമായും നടത്തുന്നത്. 

നിലവില്‍ മലമ്പനി, ഡങ്കി, ചിക്കുന്‍ഗുനിയ, മന്ത്, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും പ്രാണി ജന്യ രോഗങ്ങളായ കുരങ്ങ് പനി, ചെളളുപനി, കാലാ അസ്സാര്‍ എന്നിവയ്‌ക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനത്തിനും യൂണിറ്റ് ജാഗ്രത പുലര്‍ത്തുന്നു.
ഓഫീസ് മേധാവിയായ ബയോളജിസ്റ്റിന് കീഴില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, ഇന്‍സെക്റ്റ് കളക്ടര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, ഫീല്‍ഡ് വര്‍ക്കര്‍മാര്‍, ഡ്രൈവര്‍ ഉള്‍പ്പെടെ 31 അംഗ ജീവനക്കാരുടെ സംഘമാണ് പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ സദാ സന്നദ്ധരായി ജോലി ചെയ്യുന്നത്.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.