Latest News

സിപിഎം പിന്തുണയോടെ മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് നാടകീയ രാഷ് ട്രീയ നീക്കങ്ങളിലൂടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 22 അംഗ ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. [www.malabarflash.com]

കേരള കോണ്‍ഗ്രസ് എമ്മിന്റെ ആറ് പ്രതിനിധികള്‍ക്കൊപ്പം സി.പിഎമ്മിന്റെ ആറ് അംഗങ്ങളും സഖറിയാസ് കുതിരവേലിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഇടതുപക്ഷത്ത് സിപിഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സണ്ണി പാമ്പാടിക്ക് പാര്‍ട്ടിയുടെ എട്ട് വോട്ട് മാത്രമാണ് കിട്ടിയത്. പി.സി ജോര്‍ജ് വിഭാഗം പ്രതിനിധി വോട്ട് അസാധുവാക്കി.

22 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് ഏഴ് അംഗങ്ങളുണ്ട്. പി.സി ജോര്‍ജ് വിഭാഗത്തിന് ഒരു പ്രതിനിധിയുണ്ട്.

കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേരള കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചനടത്തി രേഖാമൂലം ധാരണയുണ്ടാക്കിയതിന് ശേഷമാണ് ജോഷി ഫിലിപ്പ് രാജിവെച്ചതെന്ന് കോണ്‍ഗ്രസ് പറയുന്നു.

മുന്‍ധാരണകളെല്ലാം തെറ്റിച്ച് കോണ്‍ഗ്രസിനെ കൈവിട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് എം അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു. സിപിഎമ്മിന്റെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച രാവിലെ ചേര്‍ന്നാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അണിയറ നീക്കങ്ങള്‍ക്കൊടുവിലാണ് ഇടത്തോട്ട് ചാഞ്ഞ് ഭരണം പിടിക്കാന്‍ മാണി വിഭാഗവും കരുക്കള്‍ നീക്കിയത്.

കെ.എം മാണിയും ജോസ്.കെ മാണിയും ചേര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയുള്ളതായാണ് റിപ്പോര്‍ട്ട്. പി.ജെ ജോസഫ് വിഭാഗവും എം.എല്‍.എമാരും ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് ഭരണം നേടാനുള്ള നീക്കത്തിന് കടുത്ത എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസുമായുള്ള ധാരണകള്‍ അതേപോലെ പാലിക്കണം എന്നാണ് യു.ഡി.എഫ് വിടാനുള്ള ചരല്‍ക്കുന്ന് സമ്മേളനത്തിലെ തീരുമാനം. ആ ധാരണ തെറ്റിക്കുന്നതിലൂടെ മാണിവിഭാഗം അവരുടെ രാഷ് ട്രീയ ലൈന്‍ കൃത്യമായി സൂചിപ്പിക്കാനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

യുഡിഎഫിലെ ധാരണ അനുസരിച്ച് കോണ്‍ഗ്രസിലെ സണ്ണി പാമ്പാടിക്ക് അനുകൂലമായി വോട്ടുചെയ്യണമെന്ന് വിപ്പ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ച കേരള കോണ്‍ഗ്രസ് അവസാന നിമിഷം അതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ആദ്യത്തെ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും ശേഷിക്കുന്ന രണ്ട വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ.

അതനുസരിച്ച് ജോഷി ഫിലിപ്പ് ആദ്യ ടേം പ്രസിഡന്റായി. എന്നാല്‍ അപ്രതീക്ഷിതമായി ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായതോടെ അദ്ദേഹം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഏപ്രില്‍ മാസത്തില്‍ രേഖാപ്രകാരം ധാരണയുണ്ടാക്കിയ ശേഷമായിരുന്നു രാജി. ജോഷി ഫിലിപ്പ് രാജിവെച്ചതോടെ ഒരു വര്‍ഷം കോണ്‍ഗ്രസിലെ തന്നെ സണ്ണി പാമ്പാടി പ്രസിഡന്റായി അതുകഴിഞ്ഞ് രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.