Latest News

40 ലക്ഷം ദിര്‍ഹത്തിന്റെ ചാരിറ്റി കാര്‍ഡുമായി ലുലുഗ്രൂപ്പ്‌

ദുബൈ: റംസാന്‍ മാസത്തില്‍ 40 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ചാരിറ്റി കാര്‍ഡുകള്‍ ലുലു ഗ്രൂപ്പ് വിതരണം ചെയ്യും. രാജ്യത്തെ ലുലുവിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് 500 ദിര്‍ഹത്തിന്റെ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനാവുന്നതാണ് ഓരോ കാര്‍ഡും.[www.malabarflash.com]

അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കായി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റി ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനായിരിക്കും കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. രാജ്യത്തെ അര്‍ഹരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം ഉപയോഗപ്പെടുന്ന രീതിയിലായിരിക്കും ഇതിന്റെ വിതരണം.

ലുലു ഗ്രൂപ്പ് ഫൗണ്ടേഷന്‍ മുഖേന റംസാന്‍ മാസത്തില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പത്താംവര്‍ഷം കൂടിയാണിത്. ചാരിറ്റി കാര്‍ഡ് വിതരണം സംബന്ധിച്ച ധാരണാപത്രം ഫൗണ്ടേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കൈമാറി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബൗമേല്‍ഹയുമാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചശേഷം കൈമാറിയത്.

ഈവര്‍ഷം 40 ലക്ഷം ദിര്‍ഹം കൊണ്ട് 8360 ചാരിറ്റികാര്‍ഡുകളാണ് വിതരണം ചെയ്യുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. അര്‍ഹതപ്പെട്ട കുടുംബങ്ങളെ ഫൗണ്ടേഷനായിരിക്കും കണ്ടെത്തുന്നത്. സര്‍ക്കാര്‍ ഇതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

ചാരിറ്റി കാര്‍ഡ് വിതരണം പത്തുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ലുലുഗ്രൂപ്പ് ഇതുവരെയായി 28 ദശലക്ഷം ദിര്‍ഹമാണ് ഇതിനായി നീക്കിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷന്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ലുലു ഗ്രൂപ്പ് നല്‍കുന്ന സേവനത്തിന് ഇബ്രാഹിം ബൗമേല്‍ഹ നന്ദി പറഞ്ഞു. ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ സാലിഹ് സഹര്‍ അല്‍ മസ്രൂയി, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി മൊഹമ്മദ് അല്‍ ശമാലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ.സലിം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Gulf   News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.