Latest News

മുഖ്യമന്ത്രിയുടെ സന്ദേശം ഏറ്റുവാങ്ങി ആഹ്ലാദാരവങ്ങളോടെ കുട്ടികള്‍

കാസര്‍കോട്: കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ഒക്കെ ചേര്‍ന്ന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നമ്മുടെ കേരളത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ കുട്ടികളോടാഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ജില്ലയിലെ വിദ്യാലയങ്ങളില്‍ വായിച്ചപ്പോള്‍ കുട്ടികള്‍ അത് ഹര്‍ഷാവരങ്ങളോടെ വരവേറ്റു.[www.malabarflash.com] 

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് നെല്ലിക്കുന്ന് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സിലാണ് നടന്നത്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി എം എസ് ഇന്ദുലേഖ മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചപ്പോള്‍ അത് കുട്ടികള്‍ ഏറ്റുവാങ്ങി. 

വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കൈകളില്‍ ലഭിച്ച മുഖ്യമന്ത്രിയുടെ സന്ദേശം സശ്രദ്ധം നോക്കിയിരുന്നു. 

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. മറ്റു രാജ്യങ്ങളില്‍ നിയമം കര്‍ശനമായി പാലിക്കുന്ന നമ്മുടെ നാട്ടുകാര്‍ സ്വന്തം നാട്ടില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുകയാണെന്നും ഇത് കുട്ടികള്‍ അനുകരിച്ചുകൂടെന്നും എം എല്‍ എ പറഞ്ഞു. 

പൊതുസ്ഥലങ്ങളില്‍ മാലിന്യംനിക്ഷേപിക്കുന്നവരെ കൈപ്പിടിച്ച് വിലക്കണം. നെല്ലിക്കുന്നിലെ പുഴ സംരക്ഷിക്കണമെന്നും എം എല്‍ എ പറഞ്ഞു. 

മുഖ്യമന്ത്രിക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അയച്ച് പുരസ്‌കാരം നേടുന്ന നെല്ലിക്കുന്ന് ജി വി എച്ച് എസ ്എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് എം എല്‍ എ യുടെ പുരസ്‌കാരം നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു.
പ്രകൃതിയും കൃഷിയും ജലസ്രോതസ്സുകളും സംരക്ഷിച്ച് മാലിന്യമുക്തമായ ഭൂമിയെ സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ക്കണമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. 

കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥി ആയിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. 

സ്‌കൂളിലെ അധ്യാപകനായ സംഗീതജ്ഞന്‍ വെളളിക്കോത്ത് വിഷ്ണുഭട്ട് ഭൂമിയിതെല്ലാര്‍ക്കുമെല്ലാര്‍ക്കുമമ്മ.... എന്ന കവിത ആലപിച്ചു. 

പി ടി എ പ്രസിഡണ്ട് നാഗേഷ് തെരുവത്ത്, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി വി പ്രസീത, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി എസ് ബിന്‍സി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ വിശാലാക്ഷി നന്ദിയും പറഞ്ഞു.

ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നെയിംസ്ലിപ്പ് വിതരണവും നടത്തി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.