Latest News

രാജിവയ്ക്കുമെന്നത് തെറ്റായ പ്രചാരണം; പി.ബി. അബ്ദുൽ റസാഖ് എംഎൽഎ

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ മരിച്ചുപോയവരും സ്ഥലത്തില്ലാതിരുന്നവരും വോട്ടുചെയ്തെന്ന ആരോപണം തള്ളി സ്ഥലം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ പി.ബി. അബ്ദുൽ റസാഖ്.[www.malabarflash.com]

ഇക്കാര്യത്തിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് എംഎൽഎ വ്യക്തമാക്കി. കേസിൽ കോടതി വിധി വരട്ടെ. മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയുമായി രഹസ്യധാരണയിലെത്തി ഉപതിരഞ്ഞെടുപ്പ് ജയിക്കാൻ ലീഗ് ശ്രമം നടത്തുന്നുവെന്നായിരുന്നു റിപ്പോർട്ട്.

മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുൽ റസാഖിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് കെ. സുരേന്ദ്രൻ നൽകിയ ഹർജിയുടെ ചുവടുപിടിച്ചാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ 259 പേർ കള്ളവോട്ടു ചെയ്തുവെന്നാണ് ഹർജിക്കാരനായ സുരേന്ദ്രന്റെ പരാതി. ഈ ഹർജി കോടതിയുടെ പരിഗണനയിലാണ്. 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് അബ്ദുൽ റസാഖ് ഇവിടെ ജയിച്ചത്.

കള്ളവോട്ട് ചെയ്തുവെന്ന് പറയുന്നവരുടെ വിശദാംശങ്ങളും സുരേന്ദ്രൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹർജിക്കാരന് അനുകൂലമായി വിധിയുണ്ടായാൽ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ട്. ഹർജി അംഗീകരിച്ച് സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതു മുന്നിൽ കണ്ട്, ഇടതുമുന്നണിയുമായി ധാരണയുണ്ടാക്കാനാണ് മുസ്‍ലിം ലീഗിന്റെ ശ്രമമെന്നാണ് റിപ്പോർട്ട്.

അതേസമയം, മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസില്‍ ബിജെപിയുടേത് ഗീബല്‍സിയന്‍ തന്ത്രമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചു. മഞ്ചേശ്വരത്ത് കള്ളവോട്ടു നടന്നെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതായി ബിജെപി പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കേസിനെക്കുറിച്ചോ മറ്റു നടപടികളെക്കുറിച്ചോ മുസ്‌ലിം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ഉപതിരഞ്ഞെടുപ്പിന് ശ്രമിക്കുന്നത് ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. മഞ്ചേശ്വരത്ത് മത്സരിച്ച് ലീഗിനെ പരാജയപ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കും.

അവിടെ 3000 കള്ളവോട്ട് നടന്നിട്ടുണ്ട്. കേസ് നീണ്ടു പേകാതിരിക്കാന്‍ 259 വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങളെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളു. ലീഗിന് അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.