Latest News

അശ്വിന് നടക്കണം പഴയതുപോലെ; പ്രാര്‍ഥനകളുമായി ഒരുകുടുംബം

പെരിയ: ഉള്ളില്‍ നിറയെ സങ്കടങ്ങളുമായാണ് അശ്വിന്‍ കിടക്കുന്നത്. ഇരുകാലുകളും തകര്‍ന്ന് അരക്കെട്ട് തൊട്ട് പ്ലാസ്റ്ററിട്ട് കിടക്കുന്ന ഈ പത്താംക്ലാസുകാരന് ഒരു അപകടം ഇല്ലാതാക്കിയത് തുടര്‍പഠനവും ഭാവിസ്വപ്നങ്ങളുമാണ്.[www.malabarflash.com]

കഴിഞ്ഞ വിഷു ദിവസം വീട്ടിലെ ആഘോഷത്തിനുള്ള ഒരുക്കത്തിനിടയിലാണ് അശ്വിന്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ടെത്തിയ കാര്‍ അശ്വിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വീട്ടില്‍നിന്ന് അകലെയല്ലാത്ത പെരിയ ബസാറിലേക്ക് പോയി മടങ്ങുമ്പോഴാണ് അശ്വിനെ കാര്‍ തട്ടിയത്. 

വടക്കേ കരയിലെ അശോകന്റെയും സുജാതയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെ മകനാണ് അശ്വിന്‍. മറ്റ് രണ്ടുപേരും പെണ്‍കുട്ടികളാണ്. അതിരാവിലെ പത്രവിതരണത്തിന് പോകുന്ന അശ്വിന്‍ അച്ഛനെ പശുവളര്‍ത്തലിലും സഹായിക്കും. സ്‌കൂളിലെ ഫുട്ബോള്‍ ടീമിലും അംഗമാണ്. 

അപകടം നടന്ന ഉടനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. അരക്കെട്ടിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് മാത്രമായി 70,000 രൂപ ചെലവുവന്നു. ഒന്നരമാസത്തിനുശേഷം വീണ്ടും ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ എല്ല് വളരുന്ന സ്ഥലമായതിനാല്‍ വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാമതും ചെലവേറിയ ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ അരയ്ക്കുതാഴെ ദേഹമനക്കാതെ കിടക്കണം. 

ഓടിച്ചാടിക്കളിച്ചിരുന്ന കൊച്ചുമകന്റെ കിടപ്പുകണ്ട് കണ്ണീര്‍ വാര്‍ക്കുകയാണ് വലിയമ്മ ചന്ദ്രാവതി ഉള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍. ഓണമടുക്കുമ്പോള്‍ നാട്ടിലെ മത്സരങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അശ്വിന് കണ്ണ് നിറയും. സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥികളും കൂട്ടുകാരും ചേര്‍ന്ന് സഹായിച്ചിരുന്നു. മകന്‍ എഴുന്നേറ്റുനടക്കാന്‍ പ്രാര്‍ഥനകളുമായി കഴിയുകയാണ് ഈ കുടുംബം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.