കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ ആസിഡ് അക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഹോംനഴ്‌സായ യുവതിക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് ജഡ്ജി ടിറ്റി ജോര്‍ജ് ഉത്തരവിട്ടു.[www.malabarflash.com]
ചെറുവത്തൂര്‍ കൊടക്കാട് കിഴക്കേപുരയില്‍ സ്വദേശിനി ഉഷ (35)യെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ച ഭര്‍ത്താവ് ബാര നെല്ലിയടുക്കത്തെ രാജന്‍ബാബുവിനെ മൂന്നുവര്‍ഷം കഠിന തടവിനും അയ്യായിരം രൂപ പിഴയൊടുക്കാനും വിധിച്ച ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ആസിഡ് അക്രമത്തിനിരയായ യുവതിക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
2011 സപ്തംബര്‍ 8നായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ആസിഡ് അക്രമണം നടന്നത്.
നീലേശ്വരം കൊട്രച്ചാലിലെ ചിന്താമണിയുടെ വീട്ടില്‍ ഹോംനഴ്‌സായി ജോലി ചെയ്തുവന്ന ഉഷയെ ആസിഡ് ഒഴിച്ച് അക്രമിച്ച സംഭവത്തില്‍ നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഏറെ നാളായി അകന്നുകഴിയുകയായിരുന്നു ദമ്പതികള്‍. ഇതിനിടെയാണ് ഉഷ ഹോംനഴ്‌സായി ജോലിക്ക് പോയി തുടങ്ങിയത്. ആസിഡ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉഷ ഏറെക്കാലം വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
അന്നത്തെ നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍കുമാറാണ് കുറ്റപത്രം തയ്യാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ എം ആശാലത ഹാജരായി.
No comments:
Post a Comment