Latest News

ഐഎസ് ബന്ധം: തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചെന്ന് സന്ദേശം

തൃക്കരിപ്പൂർ: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരുന്നതുമായി ബന്ധപ്പെട്ടു ദുരൂഹസാഹചര്യത്തിൽ കാണാതായവരിൽ ഒരാൾകൂടി മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു.[www.malabarflash.com]

തൃക്കരിപ്പൂർ ടൗണിലെ എൻ.പി.മർവാൻ (24) കഴിഞ്ഞ 24ന് അമേരിക്കൻ സേനയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണു പിതാവ് കെ.വി.പി.ഇസ്മായിലിനു ലഭിച്ച സന്ദേശം.

തിങ്കളാഴ്ച രാവിലെ എത്തിയ സന്ദേശത്തിലെ വിവരം എൻഐഎ സ്ഥിരീകരിച്ചു. കാണാതായവരുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തേ നാട്ടിലെത്തിച്ച, പടന്നയിലെ കെ.പി. അഷ്ഫാക്കിന്റെ പേരിൽ തന്നെയാണ് ഇക്കുറിയും സന്ദേശമെത്തിയത്. അഷ്ഫാക്കിനെയും ഇവർക്കൊപ്പം കാണാതായിരുന്നു.

മർവാൻ ജോലി ചെയ്തിരുന്ന സ്കൂളിന്റെ ആവശ്യത്തിനായി മുംബൈയിലേക്കെന്നു പറഞ്ഞ് 2016 മേയ് മാസത്തിലാണു വീട്ടിൽ നിന്നു പോയത്. മർവാൻ മൂന്നു മാസം മുൻപ് വിദേശ യുവതിയെ വിവാഹം ചെയ്തതായും നാട്ടിൽ വിവരമെത്തിയിരുന്നു. ഒരാഴ്ച മുൻപു നടന്ന ഷെല്ലാക്രമണത്തിൽ മർവാൻ ഉൾപ്പെടെ ഒട്ടേറെപ്പേർ മരിച്ചതായാണു വിവരം. ഞായറാഴ്ച മർവാന്റെ മൃതദേഹം കണ്ടെത്തി കബറടക്കം നടത്തിയെന്നും വിവരമുണ്ട്.

കാണാതായവരിൽ ടി.കെ. ഹഫീസുദ്ദീൻ, മുർഷിദ് മുഹമ്മദ്, പാലക്കാട് യാക്കര സ്വദേശി ബെസ്റ്റിൻ വിൻസന്റ്(യഹിയ) എന്നിവർ അഫ്ഗാനിസ്ഥാനിൽ യുഎസ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്നു നേരത്തേ വിവരം ലഭിച്ചിരുന്നു.

13 മലയാളികൾ കൊല്ലപ്പെട്ടതായി വന്ന പ്രചാരണം വ്യാജമാണെന്ന നിലയിലും മൊബൈൽ ആപ് വഴി നേരത്തേ സന്ദേശമെത്തിയിരുന്നു.

2016 മേയ് 25 മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ വീടുവിട്ടവരെയാണു പിന്നീടു കാണാതായത്. ഇവരിൽ അഞ്ചു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെട്ടിരുന്നു. കാണാതായവർ അഫ്ഗാനിസ്ഥാനിലാണെന്ന് എൻഐഎയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു.


Monetize your website traffic with yX Media

 Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.