Latest News

ഗുര്‍മീതിന് 20 വര്‍ഷം തടവ്, 30 ലക്ഷം രൂപ പിഴ

രോഹ്തക്: ഗുര്‍മീത് റാം റഹീം സിംഗിന് സിബിഐ കോടതി വിധിച്ചത് ഇരുപത് വര്‍ഷം തടവും മുപ്പത് ലക്ഷം രൂപ പിഴയും. സിബിഐ കോടതിയുടെ വിധിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നപ്പോള്‍ ആണ് ഇക്കാര്യം വ്യക്തമായത്. നേരത്തെ പത്ത് വര്‍ഷം തടവും 65,000 രൂപ പിഴയും ആണ് ശിക്ഷ എന്ന നിലയിലായിരുന്നു വാര്‍ത്ത വന്നത്. [www.malabarflash.com]

രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കുറ്റത്തിന് പത്ത് വര്‍ഷം വീതം തടവ് ശിക്ഷയാണ് സിബിഐ കോടതി വിധിച്ചിരിക്കുന്നത്. രണ്ട് ശിക്ഷയും വേറെ വേറെ അനുഭവിക്കുകയും വേണം.

അങ്ങനെ ആകെ ഇരുപത് വര്‍ഷം തടവ് ശിക്ഷയാണ് ഗുര്‍മീതിന് ലഭിച്ചത്. പീഡിപ്പിക്കപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ക്കും 15 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നും സിബിഐ കോടതിയുടെ വിധിയിലുണ്ട്.

ജയില്‍ ലൈബ്രറിയില്‍ പ്രത്യേകം തയ്യാറാക്കിയ കോടതി മുറിയിലാണ് സിബിഐ ജഡ്ജി ഗുര്‍മീത് റാമിനുള്ള ശിക്ഷ വിധിച്ചത്. കേസില്‍ ഗുര്‍മീത് റാം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്‍പില്‍ ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പു തരണമെന്നായിരുന്നു കൂപ്പുകൈകളോടെ ഗുര്‍മീത് കോടതിയോട് അപേക്ഷിച്ചത്.

ഗുര്‍മീതിന്റെ പ്രായം, ആരോഗ്യം, സാമൂഹികപ്രവര്‍ത്തകന്‍ എന്ന നിലയിലെ സംഭവാനകള്‍, ജനങ്ങള്‍ക്കിടയിലെ സ്വാധീനം എന്നിവ കണക്കിലെടുത്ത് പരാമാവധി കുറഞ്ഞ ശിക്ഷയേ നല്‍കാവൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിധി പ്രസ്താവത്തിന് മുന്‍പ് കോടതിയോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ അപേക്ഷ. ഒന്നോ രണ്ടോ തവണയല്ല വര്‍ഷങ്ങളോളം നീണ്ട ലൈംഗീകപീഡനമാണ് ഗുര്‍മീത് നടത്തിയതെന്നും പരാതിക്കാരായ രണ്ട് സ്ത്രീകള്‍ മാത്രമല്ല നാല്‍പ്പത്തിലേറെ സ്ത്രീകള്‍ കൊടുംക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും സിബിഐഅഭിഭാഷകന്‍ കോടതിയോട് പറഞ്ഞു.

ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും അടക്കം ഒന്‍പത് പേര്‍ മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്.

വിധി പുറത്തുവന്നതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സുരക്ഷ സേനകള്‍ അതീവജാഗ്രത പാലിക്കുകയാണ്. ഹരിയാനയിലും പഞ്ചാബിലും പോലീസിനും കേന്ദ്രസേനയ്ക്കും പുറമേ സൈന്യവും സര്‍വ്വസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. വിധി വന്ന ശേഷം പലയിടത്തും നേരിത തോതില്‍ സംഘര്‍ഷമുണ്ടായെങ്കിലും സൈന്യം രംഗത്തിറങ്ങിയതോടെ പ്രക്ഷോഭകാരികള്‍ പിന്‍വലിഞ്ഞിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.