Latest News

20 കോടിയുടെ ഹഷീഷുമായി ശിവസേനാ നേതാവും അഭിഭാഷകനും ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

കട്ടപ്പന: രാജ്യാന്തര വിപണിയിൽ 20 കോടിയോളം രൂപ വിലമതിക്കുന്ന 17 കിലോഗ്രാം ഹഷീഷ് ഓയിലുമായി ശിവസേനാ ജില്ലാ സെക്രട്ടറിയും അഭിഭാഷകനുമുൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ.[www.malabarflash.com] 

സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ശിവസേനാ ഇടുക്കി ജില്ലാ ഓർഗനൈസിങ് സെക്രട്ടറി മുണ്ടിയെരുമ പുത്തൻപുരയ്ക്കൽ അഞ്ജുമോൻ(38), അഭിഭാഷകനായ നെടുങ്കണ്ടം രാമക്കൽമേട് പതാലിൽ ബിജു(37), ശാന്തൻപാറ പന്തനാൽ ഷിനോ(39) എന്നിവരെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഘത്തിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന നെടുങ്കണ്ടം സ്വദേശി എബിൻ ദിവാകരൻ (35) രക്ഷപ്പെട്ടു.

ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ വട്ടവട ശാഖയിലെ ജീവനക്കാരനായിരുന്ന ദിവാകരനെ കുബേര കേസിൽ ഉൾപ്പെട്ടതോടെ പിരിച്ചുവിട്ടതായാണ് പോലീസിനു ലഭിച്ച വിവരം. ജില്ലയിൽ വൻതോതിൽ ഹഷീഷ് ഓയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കച്ചവടക്കാരെന്ന വ്യാജേനയെത്തിയ അന്വേഷണ സംഘമാണ് പ്രതികളെ കുടുക്കിയത്. ഒരുമാസം മുൻപു പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പദ്ധതി തയാറാക്കി.

ആവശ്യക്കാരെന്ന വ്യാജേന എത്തിയ അന്വേഷണ സംഘം ഒരു കിലോഗ്രാം ഹഷീഷ് ഓയിലിന് 50 ലക്ഷം രൂപ വീതം നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികളെ ഞായാറാഴ്ച പുലർച്ചെ കട്ടപ്പനയിൽ എത്തിച്ചാണ് കുടുക്കിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽനിന്ന് മുളകുപൊടിയും മാരകായുധങ്ങളും കണ്ടെത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.