Latest News

കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ മുക്കുപണ്ടം പണയം വെച്ച് മൂന്നുകോടി തട്ടി

കരിവെള്ളൂര്‍: കരിവെള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ മുക്കുപണ്ടം പണയപ്പെടുത്തി മൂന്നുകോടി രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡണ്ട് ഗിരീശന്‍ സെക്രട്ടറി കരിവെള്ളൂര്‍ തെരുവത്തെ കെ വി പ്രദീപനെതിരെ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.[www.malabarflash.com] 

കഴിഞ്ഞ ദിവസം ഉച്ചക്ക് ബാങ്കില്‍ പരിശോധനക്കെത്തിയ പെരിങ്ങോം സഹകരണ ഇന്‍സ്‌പെക്ടര്‍ ഷൈന്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് ഷൈന്‍ സഹകരണ സംഘം ഡപ്യൂട്ടി രജിസ്ട്രാര്‍ക്ക് വിവരം നല്‍കി.
രജിസ്ട്രാറുടെ നിര്‍ദ്ദേശപ്രകാരം സഹകരണ ഉദ്യോഗസ്ഥരായ ഉമേശന്‍, പവിത്രന്‍, ശശി എന്നിവര്‍ രാത്രി സൊസൈറ്റിയിലെത്തി നടത്തിയ പരിശോധനയിലാണ് രണ്ടുകോടി തൊണ്ണൂറ്റിഎട്ട് ലക്ഷത്തി നാല്‍പ്പത്തി ഒമ്പതിനായിരം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. രാത്രി തുടങ്ങിയ പരിശോധന പുലര്‍ച്ചെ രണ്ടേ മുക്കാല്‍ മണിയോടെയാണ് അവസാനിച്ചത്. 

ബാങ്കില്‍ ആകെ നിക്ഷേപം ഉള്‍പ്പെടെ മൂന്നുകോടി രൂപയുടെ ആസ്തിയാണുള്ളത്.
ശനിയാഴ്ച രാവിലെയാണ് സൊസൈറ്റി പ്രസിഡണ്ട് പയ്യന്നൂര്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയത്. കണ്ണൂരില്‍ നിന്നുമെത്തിയ സഹകരണ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ശനിയാഴ്ചയും സൊസൈറ്റിയില്‍ പരിശോധന നടത്തി.
നാലുവര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് ഐ പ്രാദേശിക നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ കരിവെള്ളൂര്‍ ബസാറില്‍ ബീവേഴ്‌സ് സ്ട്രീറ്റിന് സമീപത്തായി സൊസൈറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. സെക്രട്ടറിയും ഒരു വനിതാ ജീവനക്കാരിയുമാണ് സൊസൈറ്റിയില്‍ ഉള്ളത്.
സെക്രട്ടറിയുടെ ഒത്താശയോടു കൂടിയാണ് ഈ വന്‍ ക്രമക്കേട് നടന്നതെന്നാണ് പ്രാഥമിക സൂചന. 

സൊസൈറ്റിയില്‍ പണയ വസ്തുവായി സൂക്ഷിച്ചവയില്‍ ഒരുതരി സ്വര്‍ണ്ണം പോലും പരിശോധനയില്‍ കണ്ടെത്താനായില്ല. പലരുടെയും പേരുകളിലായി സ്വര്‍ണ്ണം എന്ന വ്യാജേന തിരൂര്‍ പൊന്നാണ് പണയവസ്തുവായി സൂക്ഷിച്ചിരുന്നത്.
സൊസൈറ്റി ജീവനക്കാരെ സ്വാധീനിച്ച് കരിവെള്ളൂരിലെ ഒരു പ്രമുഖ ബിസിനസുകാരനാണത്രെ ഏറ്റവും കൂടുതല്‍ പണം മുക്കുപണ്ടം പണയപ്പെടുത്തി കൈക്കലാക്കിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പയ്യന്നൂരിലെ ഒരു ഡയമണ്ട് സ്ഥാപനത്തില്‍ ലക്ഷങ്ങള്‍ വെട്ടിപ്പ് നടത്തിയ സംഘത്തില്‍പ്പെട്ട ഒരാളും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയവരില്‍ പെടുമെന്നാണറിയുന്നത്. അതേ സമയം തന്നെ ബാങ്ക് ഭരണസമിതിക്കും തട്ടിപ്പുമായി അറിവുണ്ടെന്നാണ് ജനസംസാരം.
ഏതാനും വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഈ വന്‍ വെട്ടിപ്പിനെക്കുറിച്ച് ഭരണസമിതിക്കും സഹകരണ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അറിവുണ്ടാകുമെന്നും സംശയമുണ്ട്.
ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്ന് കേസന്വേഷിക്കുന്ന പയ്യന്നൂര്‍ പോലീസ് പറഞ്ഞു.
അതേസമയം മുക്കുപണ്ടം പണയപ്പെടുത്തി മൂന്നുകോടി രൂപയുടെ വെട്ടിപ്പ് നടത്തിയ കരിവെള്ളൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയെയും കുടുംബത്തെയും കാണാനില്ല.
സൊസൈറ്റി സെക്രട്ടറി കരിവെള്ളൂര്‍ തെരുവിലെ കെ വി പ്രദീപനെയും കുടുംബത്തെയുമാണ് കാണാതായത്. 

ഇവരുടെ വീട് അടച്ചുപൂട്ടിയ നിലയിലാണ്. പ്രദീപനും അമ്മയും ഭാര്യയും കുട്ടിയുമാണ് വീട്ടില്‍ താമസം. വെളളിയാഴ്ച വൈകിട്ട് ക്രമക്കേട് കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന് സഹകരണ ഉദ്യോഗസ്ഥര്‍ സൊസൈറ്റിയില്‍ പരിശോധന നടത്തുന്നതിനിടയില്‍ സൊസൈറ്റിയില്‍ നിന്നും പുറത്തേക്കിറങ്ങിയതായിരുന്നു പ്രദീപന്‍.
ഒരു ടാക്‌സി കാറില്‍ പ്രദീപനും കുടുംബവും പോകുന്നത് കണ്ടതായി അയല്‍വാസികള്‍ പറയുന്നു. ക്രമക്കേട് കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രദീപന്‍ കുടുംബത്തോടൊപ്പം നാടുവിട്ടതാണെന്ന് കരുതുന്നു. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദീപന്‍ കുടുംബത്തോടെ മുങ്ങിയതോടെ തട്ടിപ്പിന്റെ സൂത്രധാരന്‍ ഇയാളാണെന്ന് സംശയം ബലപ്പെട്ടു.
ഒരേ അക്കൗണ്ടില്‍ തന്നെ നിരവധി തവണ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഈ അക്കൗണ്ടില്‍ വ്യക്തമായ വിലാസം രേഖപ്പെടുത്തിയിട്ടില്ല.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ നാലു വര്‍ഷം മുമ്പ് ആരംഭിച്ച സൊസൈറ്റിയില്‍ അടിയുറച്ച കോണ്‍ഗ്രസ് കുടുംബം എന്ന നിലയിലാണ് പ്രദീപന് സെക്രട്ടറിയായി ജോലി നല്‍കിയത്.
പാവപ്പെട്ട കോണ്‍ഗ്രസ് കുടുംബത്തില്‍പ്പെട്ട വിധവയായ ഒരു യുവതിയാണ് സൊസൈറ്റിയിലെ മറ്റൊരു ജീവനക്കാരി. ഇവര്‍ പോലും അറിയാതെയാണ് ഇത്രയും വലിയ വെട്ടിപ്പ് നടത്തിയത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.