Latest News

കരിവെള്ളൂര്‍ സഹകരണ സൊസൈറ്റിയിലെമുക്കുപണ്ടപ്പണയ തട്ടിപ്പ്; സൊസൈറ്റി കൊള്ളയടിക്കാനും പദ്ധതിയിട്ടു

പയ്യന്നൂര്‍: കരിവെള്ളൂരിലെ സോഷ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോഓപ്പ് സൊസൈറ്റിയില്‍ നടന്ന കോടികളുടെ മുക്കുപണ്ടപ്പണയ തട്ടിപ്പ് കേസിലെ പ്രതി സ്ഥാപനം കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നതായി വെളിപ്പെടുത്തി.[www.malabarflash.com]

സൊസൈറ്റിയിലെ പരമാവധി നിക്ഷേപം കൈക്കലാക്കിയ ശേഷം സ്ഥാപനം കൊള്ളയടിക്കാന്‍ തീരുമാനിച്ചിരുന്നതായി പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പണയവസ്തുക്കള്‍ കവര്‍ച്ചക്കാര്‍ കൊണ്ടുപോയതായി വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതി. 

സൊസൈറ്റിലെ സ്വര്‍ണവും പണവും കൊള്ളയടിക്കപ്പെട്ടതായി വരുത്തിത്തീര്‍ത്താല്‍ തങ്ങളുടെ തട്ടിപ്പ് പുറംലോകം അറിയില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. ഈ നീക്കം സഹകരണവകുപ്പിന്റെ പരിശോധനയിലാണ് പൊളിഞ്ഞത്.
സൊസൈറ്റി സെക്രട്ടറി കെ.വി. പ്രദീപനെ പോലീസ് സൊസൈറ്റിയിലെത്തിച്ച് തെളിവെടുത്തു. തിങ്കളാഴ്ച രാവിലെയാണ് പോലീസ് പ്രതിയെയും കൂട്ടി സൊസൈറ്റിയിലും വീട്ടിലുമെത്തിച്ച് തെളിവെടുത്തത്. 

സംഭവത്തില്‍ കരിവെള്ളൂരിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ പി.പ്രശാന്തനെക്കൂടി പ്രതിചേര്‍ത്തതായി അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സി.ഐ. എം.പി.ആസാദ് അറിയിച്ചു. ഇയാള്‍ക്ക് സംഭവത്തിലുള്ള പങ്കുതെളിഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

പ്രശാന്തന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ മുക്കുപണ്ടം വച്ച് രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. പ്രശാന്തന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്കിയിട്ടുള്ളതായും അറിയുന്നു.

തട്ടിപ്പിനു പിന്നില്‍ ബുദ്ധിപൂര്‍വം മറ്റു ജില്ലകളില്‍നിന്നടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചതായും അന്വേഷണസംഘത്തിന് മനസ്സിലായിട്ടുണ്ട്. പ്രശാന്തന്‍ അറസ്റ്റിലാവുന്നതോടെ ഇതിന്റെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാകും.

മറ്റൊരു ജില്ലയില്‍നിന്നുള്ള 916 മുദ്രയടിച്ച മുക്കുപണ്ടങ്ങള്‍ പണയംവെച്ചതിന്റെ കൂട്ടത്തിലുണ്ട്. പെട്ടെന്നുതന്നെ മുക്കാണെന്ന് തിരിച്ചറിയുന്നവയും കൂട്ടത്തില്‍ ഉണ്ട്. സൊസൈറ്റിയിലെ നിരീക്ഷണ ക്യാമറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും. 

ഇടപാടുകാര്‍ സൊസൈറ്റിയില്‍ പണയംവെച്ച യഥാര്‍ഥ സ്വര്‍ണം കരിവെള്ളൂരിലെ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ശാഖയില്‍ പണയംവെച്ചും തട്ടിപ്പുനടത്തിയിട്ടുണ്ട്. പ്രതിയുമായി ഇവിടെയെത്തിയും പോലീസ് തെളിവെടുത്തു.

സൊസൈറ്റി സെക്രട്ടറിയും പ്രധാന പ്രതിയുമായ കരിവെള്ളൂര്‍ തെരുവിലെ കെ.വി.പ്രദീപന്റെ നേതൃത്വത്തിലാണ് മുക്കുപണ്ടപ്പണയ തട്ടിപ്പു നടന്നതെന്ന് ഭരണസമിതി പ്രസിഡന്റ് എ.വി.ഗിരീശന്‍ പോലീസില്‍ പരാതി നല്കിയിരുന്നു. പോലീസിന്റെ അന്വേഷണം മറ്റു പ്രതികളുടെ പങ്കിലേക്കും ആസൂത്രണങ്ങളിലേക്കും എത്തുകയായിരുന്നു.

ഒന്നാംപ്രതിയായ പ്രദീപന്‍ കഴിഞ്ഞ ബുധനാഴ്ച കോടതിയില്‍ കീഴടങ്ങുകയായിരുന്നു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.