Latest News

സ്‌നേഹലാളനകള്‍ വിതറി; യൂസഫലി പറന്നിറങ്ങി

പടന്നക്കാട്: രാജ്യാന്തര ബിസിനസ് പ്രമുഖനും ലുലു ഗ്രൂപ്പ് തലവനുമായ ഡോ. പത്മശ്രീ യൂസഫലി വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോടിന്റെ മണ്ണില്‍ പറന്നിറങ്ങി. [www.malabarflash.com]

തന്റെ പ്രസ്സ് സെക്രട്ടറി കൂടിയായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ബിജു കൊട്ടാരത്തിലിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനാണ് രാവിലെ 11.51നാണ് യൂസഫലി സ്വന്തം എയര്‍ക്രാഫ്റ്റില്‍ പടന്നക്കാട് നെഹ്‌റു കോളേജ് മൈതാനിയില്‍ ഇറങ്ങിയത്.
നഗരസഭ ചെയര്‍മാന്‍ വി വി രമേശന്റെ നേതൃത്വത്തില്‍ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യൂസഫലിയെ സ്വീകരിച്ചു.
ഹെലികോപ്റ്ററില്‍ നിന്നും ഇറങ്ങിയയുടന്‍ അദ്ദേഹം കൂടിനിന്ന ജനക്കൂട്ടത്തിന് നേരെ കൈവീശി സുഖവിവരങ്ങള്‍ അന്വേഷിച്ചു. സ്വീകരിക്കാനെത്തിയ ആള്‍ക്കൂട്ടത്തെ ചികഞ്ഞ് മാറ്റി തന്റെ സെക്രട്ടറിയായ ബിജു കൊട്ടാരത്തിലിനെ വാരിപുണര്‍ന്നു.
ബിജുവിനെ വാരിപുണര്‍ന്നില്ലെങ്കില്‍ തന്റെ ഈവരവിന് എന്തര്‍ത്ഥമാണുള്ളതെന്ന് അദ്ദേഹം കൂടെയുണ്ടായിരുന്നവരോട് ചോദിച്ചു.
ബൊക്കയുമായി സ്വീകരിച്ച ചെയര്‍മാനോടും സംഘത്തോടും അല്‍പ്പനേരം വിശേഷങ്ങളും വികസനകാര്യങ്ങളും ചോദിച്ചു.
ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടയില്‍ സ്ത്രീകള്‍ തിങ്ങി ഞെരുങ്ങന്നത് കണ്ട അദ്ദേഹം ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ആളുകളെ മാറ്റി നിര്‍ത്താനും സ്ത്രീകളെ മുന്നോട്ട് കയറ്റിവിടാനും ആവശ്യപ്പെട്ടു. സ്ത്രീകളെ ദ്രോഹിക്കരുതെന്നും പറഞ്ഞ് അവരോടും സുഖാന്വേഷണങ്ങള്‍ ചോദിച്ച ശേഷം എന്തെങ്കിലും ബുദ്ധിമുട്ടായോ എന്ന് തിരക്കുകയും ചെയ്തു.
ഇതിനിടയില്‍ നെഹ്‌റു കോളേജ് മാനേജര്‍ രാമനാഥനെ പരിചയപ്പെടുത്തിക്കൊടുത്തപ്പോള്‍ അബുദാബിയിലെ ഡോ. ഗംഗാധരന്‍ തന്റെ കസിനാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ ക്ലോസ് ഫ്രണ്ടാണെന്നും ഗള്‍ഫില്‍ ഓര്‍ത്തോവിഭാഗം കൊണ്ടുവന്നതു തന്നെ അദ്ദേഹമാണെന്നും കണ്ടതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു.
ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ സൗകര്യം ഒരുക്കിയതിന് പ്രത്യേകം നന്ദിയും പറഞ്ഞു.
ബിജുവിന്റെ വീട്ടിലെത്തിയ അദ്ദേഹം അവിടെയുണ്ടായിരുന്ന മുഴുവന്‍ ആളുകളോടും കുശലാന്വേഷണം നടത്തി.
ബിജുവിന്റെ ഓരോ ബന്ധുക്കളെയും കുട്ടികളെയും പേരെടുത്ത് വിളിച്ച് അന്വേഷിക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. കൂടെനിന്ന് ഫോട്ടോയെടുക്കാന്‍ ആളുകള്‍ തിക്കിത്തിരക്കിയപ്പോള്‍ ബിജുവിന്റെയും ബന്ധുക്കളുടെയും ഫോട്ടോ എടുത്ത ശേഷം എല്ലാവര്‍ക്ക് വേണ്ടിയും ഫോട്ടോക്ക് നിന്നുതരാമെന്ന് സ്‌നേഹത്തോടെ പറയുകയും ചെയ്തു.
വീട്ടില്‍ നിന്ന് മധുരവും പ്രസാദവും കഴിച്ച് 12.40ന് അദ്ദേഹം തിരിച്ചുപോകുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.