പൊയിനാച്ചി:കാവല്‍ക്കാരനെ തട്ടികൊണ്ടുപോയി കാട്ടിനകത്തു കെട്ടിയിട്ടശേഷം ഗൈല്‍ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിനു കൊണ്ടുവന്ന കാല്‍കോടിയോളം രൂപ വിലമതിക്കുന്ന ചെമ്പുകമ്പികളും മെഷീനുകളും മറ്റും കൊള്ളയടിച്ചു.[www.malabarflash.com]
ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. രണ്ടു മണിക്കൂര്‍ നേരം കൈകാലുകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയ നിലയിലും കോരിച്ചെരിയുന്ന മഴയത്തു നിന്ന വാച്ച്‌മാന്‍ ഉദുമ കൊക്കാലിലെ സുരേന്ദ്രന്‍ (52) രക്ഷപ്പെട്ടതിനുശേഷമാണ് വിവരം പുറത്തറിഞ്ഞത്. സംഭവം സംബന്ധിച്ച് വിദ്യാനഗര്‍ പോലീസ് അന്വേഷണം തുടങ്ങി.
പൊയിനാച്ചി ദേശീയപാതയില്‍ നിന്നു കിഴക്കുമാറിയുള്ള പറമ്പ്, ചെറുകരയിലാണ് സംഭവം. ഗൈയില്‍ പൈപ്പ്‌ലൈന്‍ നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത മുംബൈയിലെ ഐ.എല്‍ ആന്റ് എഫ്.എസ് കമ്പനിയുടെ ഗോഡൗണിലാണ് സംഭവം. രണ്ടുപേര്‍ ആദ്യം സ്ഥലത്തെത്തുകയും കാവല്‍ക്കാരനായ സുരേന്ദ്രനെ പിടിച്ചുകൊണ്ടുപോയി കൈകാലുകള്‍ ബന്ധിച്ചശേഷം വായില്‍ തുണി തിരുകുകയും കാട്ടില്‍ മഴയത്തു ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് കൂടുതല്‍ പേര്‍ ഗോഡൗണിലെത്തി രണ്ടു കണ്ടൈനറുകളിലായി സൂക്ഷിച്ചിരുന്ന ചെമ്പുകമ്പികളും വിലപിടിപ്പുള്ള മൂന്നു യന്ത്രങ്ങളും മറ്റും കൊള്ളയടിക്കുകയായിരുന്നു. സംഘം രക്ഷപ്പെട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞശേഷം ബന്ധനത്തില്‍ നിന്നു മോചിതനായ സുരേന്ദ്രന്‍ മദ്യഷോപ്പ് വിരുദ്ധ സമരം നടത്തുന്ന പന്തലിലെത്തി വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഇതു രണ്ടാം തവണയാണ് നിര്‍മ്മാണ കമ്പനിയുടെ ഗോഡൗണില്‍ കൊള്ള നടക്കുന്നത്.
No comments:
Post a Comment