Latest News

ഏഴ് സ്വര്‍ണവളകള്‍ തേടിയുള്ള അന്വേഷണം അവസാനിച്ചത് 25 ലക്ഷം വിലവരുന്ന പണ്ടത്തില്‍

കണ്ണൂർ: പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന്റെ ഒരുക്കങ്ങൾക്കിടെ ആക്രിക്ക് കൈമാറിയ വസ്തുക്കളിൽ പണ്ടാരപ്പെട്ടിയും. കണ്ണൂർ കണ്ണപുരം പോലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് 25 ലക്ഷത്തിലേറെ മൂല്യം വരുന്ന സ്വർണവും പണവും ഉടമസ്ഥർക്ക് തിരികെ ലഭിച്ചു.[www.malabarflash.com]

മണിക്കൂറുകൾക്കുള്ളിലാണ് കണ്ണപുരം എസ്ഐ പണ്ടം തിരിച്ചുപിടിച്ചത്. ഏഴ് സ്വർണവളകൾ തേടിയുള്ള അന്വേഷണം അവസാനിച്ചത് 25 ലക്ഷം വിലവരുന്ന പണ്ടത്തിലാണ്.

കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നാണ് പണ്ടാരപ്പെട്ടി ആക്രിക്ക് അബദ്ധത്തിൽ എടുത്തുകൊടുത്തത്. ഉമ്മയും മകളും പേരമകളും മാത്രം താമസിക്കുന്ന വീട്ടിൽ നിന്നാണ് 25 ലക്ഷം വിലവരുന്ന ആസ്തി ആക്രിക്കടയിലെത്തിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് : “മൂന്ന് സ്ത്രീകൾ മാത്രമാണ് കണ്ണപുരത്തെ ഈ വീട്ടിൽ താമസിക്കുന്നത്. 85 വയസ്സായ സ്ത്രീയും ഇവരുടെ മകളും പേരമകളും അടങ്ങുന്നതാണ് കുടുംബം. വീട്ടിലെ പുരുഷന്മാരെല്ലാം പ്രവാസികളാണ്. പരിയാരത്ത് ഇവർക്കായി പുതിയ വീട് പണികഴിപ്പിച്ചിട്ടുണ്ട്. ഇവിടേക്ക് താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബാംഗങ്ങൾ.

പുതിയ വീട്ടിലേക്ക് താമസം മാറുന്പോൾ പഴയ സാധനങ്ങൾ ഐശ്വര്യമല്ലെന്ന് കരുതിയാണ് 85കാരി വീട്ടിലെത്തിയ ആക്രിക്ക് സാധനങ്ങൾ കൈമാറിയത്. ഈ കൂട്ടത്തിൽ കട്ടിലിനടിയിൽ സൂക്ഷിച്ച പഴയ പെട്ടിയും എടുത്തുകൊടുത്തു.

ആക്രിയെടുക്കാനെത്തിയ തമിഴ്നാട് സ്വദേശി മടങ്ങിയ ശേഷമാണ് പെട്ടി കൈമാറിയെന്ന വിവരം പേരമകൾ അറിഞ്ഞത്. ഇതിൽ തന്റെ ഏഴ് വളകൾ സൂക്ഷിച്ചിരുന്നുവെന്ന് ഓർത്ത പേരമകളും അമ്മയും ആക്രിക്കാരനെ തേടിയിറങ്ങി. വൈകുന്നേരം വരെ കണ്ണപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞിട്ടും ഇയാളെ കണ്ടെത്താനാകാതെ വന്നതോടെയാണ് ഇരുവരും അഭയം തേടി പോലീസ് സ്റ്റേഷനിലെത്തിയത്.

തന്റെ ഏഴ് വളകൾ മുത്തശി ആക്രിക്കാരന് എടുത്ത് നൽകിയെന്നും കണ്ടെത്തി തരണമെന്നുമായിരുന്നു പേരമകൾ പോലീസിനോട് പരാതിപ്പെട്ടത്. രാത്രി തന്നെ തിരച്ചിലാരംഭിച്ച പോലീസ് റയിൽവേ സ്റ്റേഷന് സമീപത്തെ താത്കാലിക ഷെഡ്ഡിൽ താമസിക്കുന്ന ആക്രിക്കാരനെ തിരിച്ചറിഞ്ഞു. ഇയാളോട് കാര്യം ചോദിച്ചെങ്കിലും ആദ്യം സമ്മതിച്ചില്ല.

പിന്നീട് ആക്രിവസ്തുക്കൾക്കിടയിൽ പോലീസ് തിരച്ചിൽ നടത്തി. നാല് മണിക്കൂറോളം നീണ്ട തിരച്ചിൽ അർധരാത്രിയും പിന്നിട്ടതോടെ തമിഴൻ പോലീസിന് പെട്ടി കൈമാറി. പെട്ടി തുറന്ന് നോക്കിയ പോലീസുകാർ പോലും അതിനകത്തുണ്ടായ വസ്തുക്കൾ കണ്ട് അന്പരന്നു.

ഏഴല്ല, എട്ട് സ്വർണ്ണവളകൾ. കൂടാതെ അഞ്ച് മോതിരം, നാല് നെക്ലേസടക്കം അഞ്ച് സ്വർണ്ണ മാലകൾ, സ്വർണ്ണ കൊലുസ്, താലി എന്നിവയ്ക്കൊപ്പം സ്വർണ നാണയങ്ങളും. 40000 രൂപ ഇന്ത്യൻ കറൻസിയും കൂടാതെ യുഎഇ ദിർഹവും പെട്ടിയിലുണ്ടായിരുന്നു. വസ്തുക്കളുടെ ഏകദേശ മൂല്യം 25 ലക്ഷത്തിലേറെ വരുമെന്ന് പോലീസ് പറഞ്ഞു.

എന്നാൽ ഏഴ് വളകളെ കുറിച്ച് മാത്രമേ തനിക്ക് അറിവുണ്ടായിരുന്നുള്ളൂ എന്ന് പേരമകൾ പൊലീസിനോട് വ്യക്തമാക്കി. മറ്റുള്ളവയെല്ലാം മുത്തശ്ശിയുടെ സ്വത്തുക്കളായിരുന്നു. ഓർമ്മപ്പിശകിൽ ആക്രിക്ക് കൈമാറിയതാണ് ഇവയെന്ന് പോലീസ് പറഞ്ഞു.

വസ്തുക്കൾ തിരികെ ലഭിച്ച സന്തോഷത്തിൽ ആക്രിക്കാരന് മൂന്നംഗ കുടുംബം പാരിതോഷികമായി പണം നൽകിയെങ്കിലും ഇയാളിത് നിരസിച്ചു. പണ്ടം ഉടമസ്ഥർക്ക് സ്റ്റേഷനിൽ വച്ച് തന്നെ തിരികെ നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.