Latest News

അല്‍ഫോണ്‍സ് കണ്ണന്താനം ഇനി കേന്ദ്രസഹമന്ത്രി

ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് മുഖം മിനുക്കി ടീം മോദി. കേരളത്തിൽനിന്ന് അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെ, ഒൻപതു പുതിയ കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.[www.malabarflash.com] 

നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള മൂന്നാമത്തെ മന്ത്രിസഭാ വികസനമാണിത്. കാബിനറ്റ് റാങ്കോടെ നാലു മന്ത്രിമാരെയും ഒൻപത് പുതിയ മന്ത്രിമാരെയും ഉൾപ്പെടുത്തിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് അൽഫോൻസ് കണ്ണന്താനം.

നാലു മന്ത്രിമാർക്കു പുനഃസംഘടനയിൽ കാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ലഭിച്ചു. സഹമന്ത്രി പദവയിൽനിന്നു നിർമല സീതാരാമൻ, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, മുക്താർ അബ്ബാസ് നഖ്‌വി എന്നിവരാണു കാബിനറ്റ് മന്ത്രിമാരായത്. 

അശ്വനി കുമാർ ചൗബെ (ബിഹാർ), ശിവ് പ്രതാപ് ശുക്ല (ഉത്തർപ്രദേശ്), വീരേന്ദ്ര കുമാർ (മധ്യപ്രദേശ്), അനന്തകുമാർ ഹെഗ്ഡെ (കർണാടക), രാജ് കുമാർ സിങ് (ബിഹാർ), ഹർദീപ് സിങ് പുരി (മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാൻ), സത്യപാൽ സിങ് (ഉത്തർപ്രദേശ്) എന്നിവരാണ് അൽഫോൻസ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാർ. 

രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുൻപാകെ ഇവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മോദി സർക്കാർ മൂന്നു വർഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണു കേരളത്തിന് ആദ്യ പ്രതിനിധിയെ ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിമാരെ തീരുമാനിച്ചത്. ആർഎസ്എസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് അമിത് ഷാ മോദിയെ കാണാനെത്തിയത്.

അതേസമയം അണ്ണാ ഡിഎംകെ, ജെഡിയു, ശിവസേന അംഗങ്ങൾ മന്ത്രിസഭയിലേക്കു വരുമെന്നു ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും, അന്തിമ ഘട്ടത്തിൽ ഈ നീക്കം ഉപേക്ഷിച്ചു. പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ ഉടൻ തീരുമാനമുണ്ടാകും. അഴിച്ചുപണിക്കു മുന്നോടിയായി സഹമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സഞ്ജയ് കുമാർ ബല്യൻ, ഭഗൻ സിങ് കുലസ്തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവർ രാജിവച്ചിരുന്നു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.