Latest News

ഭാര്യയെ കൊന്ന് രണ്ടു മാസം ഫ്രീസറില്‍ സൂക്ഷിച്ച യുവാവിന് ജീവപര്യന്തം

ഡെറാഡൂണ്‍ : ഡെറാഡൂണില്‍ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി ഫ്രീസറില്‍ സൂക്ഷിച്ച യുവാവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രാജേഷ് ഗുലാടിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഏഴു വര്‍ഷം മുന്‍പാണ് ഗുലാടി ഭാര്യ അനുപമയെ കൊന്ന് കഷണങ്ങളാക്കി ഫ്രീസറില്‍ സൂക്ഷിച്ചത്.[www.malabarflash.com]

കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയ്ക്കാണ് ശിക്ഷ വിധിച്ചത്. ഇതിനു പുറമെ 15ലക്ഷം രൂപ പിഴയടക്കാനും സെക്ഷന്‍സ് ജഡ്ജി വിനോദ് കുമാറിന്റെ ബെഞ്ച് വിധിച്ചു. 15 ലക്ഷം പിഴയടക്കുന്നതില്‍ 14.30 ലക്ഷം രൂപ മക്കളുടെ വിദ്യഭ്യാസ ആവശ്യങ്ങള്‍ക്കായി ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യുകയും ബാക്കി തുക സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കുകയും വേണം. ഇരട്ടക്കുട്ടികളാണ് രാജേഷ് – അനുപമ ദമ്പതികള്‍ക്ക്. ഈ കുട്ടികള്‍ ഇപ്പോള്‍ അനുപമയുടെ സഹോദരന്റെ സംരക്ഷണയിലാണ്.


2010 ഒക്ടോബര്‍ 17 നായിരുന്നു ഏറെ പ്രമാദമായ കൊലപാതകം. അനുപമ കൊല്ലപ്പെട്ടതിന് രണ്ട് മാസത്തിനുശേഷം സഹോദരന്‍ അന്വേഷിച്ചെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദിവസങ്ങളായി സഹോദരിയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാതിരുന്നപ്പോള്‍ സഹോദരന്‍ അവരുടെ താമസസ്ഥലമായ പ്രകാശ് നഗറില്‍ അന്വേക്ഷിച്ചെത്തി. എന്നാല്‍ സഹോദരനെ വീട്ടിലേക്ക് കടക്കാന്‍ ഗുലാടി അനുവധിച്ചില്ല. കൂടാതെ ഭാര്യ എവിടെയാണെന്ന് തനിക്ക് അറിയില്ല എന്ന മറുപടിയും നല്‍കി.

എന്നാല്‍ വീട്ടില്‍ വലിയഫ്രീസര്‍ കണ്ട് സംശയം തോന്നി സഹോദരന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഫ്രീസര്‍ തുറന്നപ്പോഴാണ് അനുപമയുടെ ശരീരഭാഗങ്ങള്‍ അതില്‍ കണ്ടത്. ബാക്കി ഭാഗങ്ങള്‍ മസൂറിയിലുള്ള ഓവുചാലില്‍ പ്രതി തള്ളിയതായി പോലീസ് പറഞ്ഞു. ഭാര്യയെ വെട്ടിനുറുക്കി കഷണങ്ങളാക്കിയതിനുശേഷം രണ്ടുമാസമായി മക്കള്‍ക്കൊപ്പം ഒന്നും സംഭവിക്കാത്ത നിലയില്‍ കഴിയുകയായിരുന്നു രാജേഷ് ഗുലാടി. മക്കള്‍ അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അമ്മൂമ്മയുടെ വീട്ടില്‍ പോയതാണെന്ന മറുപടിയാണ് നല്‍കിയത്.

വിവാഹത്തിനുശേഷം മറ്റൊരു യുവതിയുമായി ഗുലാടിക്ക് അടുപ്പമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ രാജേഷ് ഗുലാടിയും അനുപമയും തമ്മില്‍ എന്നും പ്രശ്‌നങ്ങളായിരുന്നു. ഈ വഴക്കാണ് കൊലപാതകത്തിന് കാരണമായത്. ക്രൂരമായ മര്‍ദ്ദനത്തിനു ശേഷം ഭാര്യയുടെ തല ചുമരിലിടിച്ചു. ഇതേതുടര്‍ന്ന് ബോധം നഷ്ടപ്പെട്ട അനുപമയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊന്നു. പിറ്റേ ദിവസം വലിയ ഫ്രീസര്‍ വാങ്ങിക്കുകയും മൃതദേഹം കഷണങ്ങളാക്കി അതില്‍ സൂക്ഷിക്കുകയും ചെയ്തു. ബാക്കിവന്ന കഷണങ്ങള്‍ ഓവുചാലിലും നിക്ഷേപിച്ചു.

അപൂര്‍വമായ കേസാണിതെന്നും ജീവപര്യന്തം ശിക്ഷ നല്‍കുന്നതിലൂടെ ഇത് സമൂഹത്തിന് ഒരു സന്ദേശമായിരിക്കുമെന്നും ശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.