Latest News

കണ്ണൂര്‍ കോട്ടയില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചില്ല

കണ്ണൂര്‍: കണ്ണൂര്‍ കോട്ടയില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. കടലില്‍ച്ചാടിയെന്ന സംശയത്തില്‍ ചൊവ്വാഴ്ചയും ബോട്ടുകളിലും തോണികളിലുമായി നാട്ടുകാരും കോസ്റ്റല്‍ പോലീസും ഫിഷറീസ് വിഭാഗവും കണ്ണൂര്‍ സിറ്റി പോലീസും തെരച്ചില്‍ നടത്തി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മുങ്ങി പരിശോധിക്കാനായില്ല.[www.malabarflash.com]

മാണിയൂര്‍ തരിയേരിയിലെ ബദരിയ മന്‍സിലില്‍ ഹസ്നത്തിനെയാണ് തിങ്കളാഴ്ച രാവിലെ കോട്ടയില്‍ വച്ച് കാണാതായത്. ഏച്ചൂര്‍ നളന്ദ കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്. വീട്ടില്‍നിന്ന് കോളേജിലേക്ക് തിരിച്ചതായിരുന്നു. 

കടലിന്റെ ഓരത്ത് ബാഗ് കണ്ടതാണ് കടലില്‍ച്ചാടിയതായി സംശയമുയര്‍ത്തുന്നത്. എന്നാല്‍ ബാഗ് ഉപേക്ഷിച്ച് പെണ്‍കുട്ടി കടന്നുകളഞ്ഞതാണെന്ന സംശയവും ബന്ധുക്കള്‍ പ്രകടിപ്പിക്കുന്നു. 

ചൊവ്വാഴ്ച വൈകിട്ട് കടലില്‍ ഒരു ജഡം കണ്ടതായി മത്സ്യത്തൊഴിലാളികള്‍ സംശയംപറഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച സന്ധ്യക്ക് പോലീസും കോസ്റ്റല്‍ പോലീസും ബോട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് മരത്തടിയാണെന്ന് സ്ഥിരീകരിച്ചു.
പെണ്‍കുട്ടിയുടെ വിവാഹം അടുത്തമാസത്തേക്ക് തീരുമാനിച്ചിരുന്നു. കല്യാണശേഷം പഠനം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതായി ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.