ചെറുവത്തൂർ: വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂരക്കളി, മറത്തുകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ പൂമാലിക പുരസ്‌ക്കാരത്തിന് വടക്കേമലബാറിലെ പൂരക്കളി, മറത്തുകളി രംഗത്തെ പ്രമുഖൻ കാടങ്കോട് എം കുഞ്ഞികൃഷ്ണൻ പണിക്കർ അർഹനായി.[www.malabarflash.com]
പൂരക്കളിയെ ആഗോളതലത്തിൽ എത്തിക്കുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. കെ. കെ. എൻ കുറുപ്പിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വർഷം തോറും പ്രമുഖർക്ക് അവാർഡ് നൽകിവരുന്നത്.
മൂന്നര പതിറ്റാണ്ട് കാലത്തെ സേവനം കണക്കിലെടുത്താണ് കുഞ്ഞികൃഷ്ണൻ പണിക്കർ ബഹുമതിക്ക് അർഹനായത്. പുരസ്ക്കാരം അർഹതക്കുള്ള അംഗീകാരവുമായി.
പുതിയ പുരയിൽ കുഞ്ഞമ്പാടിയുടെയും മുന്തിക്കോട്ട് കുഞ്ഞമ്മയുടെയും മകനായി 1963 ൽ ജനിച്ച് കാടങ്കോട് ഫിഷറീസ് ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലം മുതൽ പൂരക്കളിയും മറത്തുകളിയും സ്വായത്തമാക്കാൻ തുടങ്ങിയ ഇദ്ദേഹം തൈക്കടപ്പുറം പള്ളിക്കണ്ടം തറവാട്ടിൽ വെച്ച് മഹാകവി കുട്ടമത്തിന്റെ ശ്ലോകത്തോടെയാണ് സംസ്‌കൃത പഠനം ആരംഭിച്ചത്.
കാരിയിലെ കെ. വി സി കുഞ്ഞമ്പു വൈദ്യരുടെ ശിക്ഷണത്തിൽ പൂരക്കളി വിഷയങ്ങൾ പഠിച്ചു. അതോടൊപ്പം ഈ രംഗത്തെ നിരവധി പണ്ഡിതന്മാരിൽ നിന്നാണ് കാവ്യ ശാസ്ത്രാദികളും ശാസ്ത്ര പഠനവും നടത്തിയത്. കെ. വി പൊക്കൻ പണിക്കരുടെയും ശിഷ്യനാണ്. 1990 ൽ കാഞ്ഞങ്ങാട് ശ്രീ പുള്ളികരിങ്കാളി 'അമ്മ ദേവസ്ഥാനത്താണ് മറത്തുകളി അരങ്ങേറ്റം നടത്തിയത്. എവിടെ വെച്ച് മൂന്നാം വർഷം പട്ടും വളയും ആചാരസ്ഥാനവും ലഭിച്ചു.
അന്തരിച്ച പൂരക്കളി പണ്ഡിതൻ വേങ്ങര കൃഷ്ണൻ പണിക്കരുമായി നാല് തവണ മറത്തുകളിക്കാൻ ഭാഗ്യമുണ്ടായി. മാതമംഗലം കുമാരൻ പണിക്കർ, പി പി മാധവൻ പണിക്കർ, എം അപ്പു പണിക്കർ, പി. ദാമോദരൻ പണിക്കർ തുടങ്ങിയ പ്രഗത്ഭമതികളുമായി മറത്തുകളിച്ച് ശോഭിച്ച കുഞ്ഞികൃഷ്ണൻ പണിക്കരെ 2011 ൽ കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രം വീരശൃംഖല നൽകി അനുഗ്രഹിച്ചിരുന്നു.
കണ്ണൂർ, കാസർകോട് ജില്ലകളിലെ മികച്ച അദ്ധ്യാത്മിക പ്രഭാഷകനായ ഇദ്ദേഹം രാമായണം പാരായണം, ഭക്ഷണം, അക്ഷരശ്ലോകം എന്നിവയിലെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. പൂരക്കളി സാഹിത്യരചനയും നടത്തിയിട്ടുള്ള പണിക്കർ ഇപ്പോൾ ജ്യോതിഷ രംഗത്തും പ്രവർത്തിക്കുന്നുണ്ട്. വി.വി ചന്ദ്രമതിയാണ് ഭാര്യ. കൃഷ്ണരാജ്, കൃഷ്ണപ്രിയ എന്നിവർ മക്കളാണ്.
No comments:
Post a Comment