Latest News

അഷറഫ് വധം; 6 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തവും പിഴയും

തലശ്ശേരി: സി പി എം പ്രവര്‍ത്തകനെ കടയില്‍ അതിക്രമിച്ച് കടന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരായ ആറ് പ്രതികളെ ജീവപര്യന്തം തടവിനും പിഴയടക്കാനും രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി എന്‍ വിനോദ് ശിക്ഷിച്ചു.[www.malabarflash.com] 

പാനൂരിലെ സി പി എം പ്രവര്‍ത്തകനായ താഴയില്‍ അഷറഫി (22)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബി ജെ പി പ്രവര്‍ത്തകരായ കൂറ്റേരിയിലെ താഴെക്കണ്ടി സുബിന്‍, മൊകേരി സ്വദേശികളായ പുതിയോട്ട് അനീഷ് (31), വലിയപറമ്പത്ത് ഇ പി രാജീവന്‍ (38), തെക്കെ പാനൂര്‍ സ്വദേശികളായ പി പി പുരുഷോത്തമന്‍ (41), എന്‍ കെ രാജേഷ് (38), പന്ന്യന്നൂരിലെ കെ രതീശന്‍ (39) എന്നിവരെയാണ് ജീവപര്യന്തം തടവിനും 70000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്. 

പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ അത് അഷറഫിന്റെ കുടുംബത്തിന് നല്‍കാനും വിധിച്ചു.
2002 ഫിബ്രവരി 5ന് ഉച്ചക്ക് ഒന്നരയോടെ പാനൂര്‍ ബസ് സ്റ്റാന്റിനടുത്തുള്ള റയീസ് മോട്ടോര്‍ എന്ന സ്ഥാപനത്തില്‍വെച്ചാണ് സംഭവം.
ആര്‍ എസ് എസ് പ്രവര്‍ത്തകനായ പുരുഷുവിന്റെ വീട്ടില്‍ നിന്നും ക്ഷേത്രത്തിലേക്ക് കലശം കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് കൊലയില്‍ കലാശിച്ചതത്രെ. 

സംഭവസമയം അഷറഫിന്റെ കൂടെ കടയിലുണ്ടായിരുന്ന പി പി റാഷിദ്, കെ വി സലാം, പോലീസ് ഓഫീസര്‍മാരായ എം വിജയന്‍, എ പി ഷൗക്കത്തലി, കെ എസ് ബേബി വിനോദ്, കെ എന്‍ രാജീവന്‍ തുടങ്ങിയവരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്. 

34 രേ​ഖ​ക​ളും കൊലപാതകത്തിന് ഉപയോഗിച്ച വാ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പത്ത് തൊ​ണ്ടി മു​ത​ലു​ക​ളും പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അബൂബക്കര്‍ വിദേശത്തായതിനാല്‍ വിസ്തരിക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം മറ്റൊരു ഡോക്ടറെയാണ് വിസ്തരിച്ചത്. 15 വര്‍ഷത്തിനുള്ളില്‍ മൂന്നോളം ജഡ്ജിമാരുടെ മുമ്പാകെ കേസ് പരിഗണിക്കപ്പെട്ടിട്ടുണ്ട്.
പ്രോസിക്യൂഷന് വേണ്ടി മുമ്പത്തെ അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ പ്ലീഡര്‍മാരായ അഡ്വ പി ഓമന, അഡ്വ ജോര്‍ജ്ജ് എന്നിവര്‍ ഹാജരായിരുന്നു. നിലവിലെ കോടതിയില്‍ ജഡ്ജിമാര്‍ സ്ഥലംമാറി പോവുന്നതിനാല്‍ പകരം ജഡ്ജിമാര്‍ യഥാസമയം നിയമിക്കാത്തതും കേസ് വിചാരണ പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടായി. 

നിലവില്‍ ഡിസ്ട്രിക്ട് ഗവ പ്ലീഡര്‍ അഡ്വ പി ബി ശശീന്ദ്രനും ബിനിഷയുമാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.