Latest News

'ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ പാര്‍ട്ടി ഓഫീസ് ജപ്തി ചെയ്യപ്പെടരുത്' കെ.വീസ് ബാലകൃഷ്ണന്‍ 2.52 ലക്ഷം രൂപ നല്‍കി

ചെറുവത്തൂര്‍: 'ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ജില്ലാ ആസ്ഥാനത്തെ പാര്‍ട്ടി ഓഫീസ് ജപ്തി ചെയ്യപ്പെടരുത്'. 2.52 ലക്ഷം രൂപയുടെ ചെക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിക്കുമ്പോള്‍ മുന്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പാലക്കുന്നിലെ സാമൂഹിക പ്രവര്‍ത്തകനുമായ കെ.വീസ് ബാലകൃഷ്ണന്‍ വികാരാധീനനായി. മഹത്തായ കാര്യമാണ് നിങ്ങള്‍ ചെയ്തത്. ഇത് ഇവിടത്തെ പാര്‍ട്ടി ചരിത്രത്തില്‍ എണ്ണപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി.[www.malabarflash.com]
ചെറുവത്തൂരില്‍ ഡി.സി.സി. ചൊവ്വാഴ്ച രാവിലെ സംഘടിപ്പിച്ച പി.സി.രാമന്‍ അനുസ്മരണ ചടങ്ങായിരുന്നു വേദി. നികുതി അടയ്ക്കാത്തതിനാല്‍ ഡി.സി.സി. ഓഫീസ് ജപ്തിചെയ്യാന്‍ നീക്കം തുടങ്ങിയ വിവരം കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവരമറിഞ്ഞ ബാലകൃഷ്ണന്‍ ഇതിനുള്ള പണം സംഭാവനചെയ്ത് പാര്‍ട്ടി ഓഫീസ് രക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ താത്പര്യം അദ്ദേഹം ബന്ധുകൂടിയായ ഡി.സി.സി. ഭാരവാഹി പെരിയ ബാലകൃഷ്ണനെ അറിയിച്ചു. അദ്ദേഹം ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിലിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് ചെക്ക് കൈമാറാന്‍ വേദിയൊരുങ്ങുകയായിരുന്നു.

എഴുപതുകളില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഉദുമ മണ്ഡലം ഭാരവാഹിയായിരുന്നു പാലക്കുന്ന് അംബിക സ്‌കൂള്‍ അധ്യാപകനായിരുന്ന ബാലകൃഷ്ണന്‍. വിസ തരപ്പെട്ടതിനെത്തുടര്‍ന്ന് ജോലിയും പാര്‍ട്ടി പ്രവര്‍ത്തനവും മതിയാക്കി ഗള്‍ഫിലേക്ക് പോയി. ഒന്‍പതുവര്‍ഷം മുന്‍പ് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി ബിസിനസിലും സാമൂഹികപ്രവര്‍ത്തനത്തിലും മുഴുകി.

ബാലകൃഷ്ണന്റെ തീരുമാനം മൈക്കിലൂടെ അറിയിച്ചപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ചെക്ക് ഉമ്മന്‍ ചാണ്ടി അപ്പോള്‍ത്തന്നെ ഹക്കിം കുന്നിലിനെ ഏല്‍പ്പിച്ചു. ബുധനാഴ്ചതന്നെ ഇത് റവന്യൂ വകുപ്പിന് കൈമാറി നടപടി അവസാനിപ്പിക്കുമെന്നും മേലില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

771.96 ചതുരശ്രയടി വിസ്തൃതിയുള്ള മൂന്നുനില കെട്ടിടത്തിന് 2,23,200 രൂപയാണ് റവന്യൂ വകുപ്പില്‍ അടയ്‌ക്കേണ്ടിയിരുന്നത്. വീഴ്ചവരുത്തിയതിനാല്‍ പിഴപ്പലിശയടക്കം 2.52 ലക്ഷമായി ഉയരുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.