Latest News

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കി കേരളം

തിരുവനന്തപുരം: ട്രാഫിക് സിനിമയില്‍ തുടിക്കുന്ന ഹൃദയുമായി കുതിക്കുന്ന യാത്രയിലെ രംഗങ്ങളെ വെല്ലുന്ന കാഴ്ചയായിരുന്നു ബുധനാഴ്ച കേരളം കണ്ടത്.[www.malabarflash.com]

 പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടായി നിന്നപ്പോള്‍ പ്രതീക്ഷിച്ചതിലും നേരത്തെ എട്ടു മണിക്കൂര്‍ കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കിയത്.

ബുധനാഴ്ച രാത്രി എട്ടു മണിക്ക് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ആരംഭിച്ച യാത്ര വ്യാഴാഴ്ച പുലര്‍ച്ച 3.22നാണ് തിരുവനന്തപുരം ശ്രീചിത്രയിലെത്തിയത്.

കുഞ്ഞിനെയും കൊണ്ടു കുതിക്കുന്ന ആംബുലന്‍സിനു വഴിയൊരുക്കാന്‍ അര്‍ധ രാത്രിയിലും സുമനസ്സുകള്‍ വഴിനീളെ ഉറക്കമൊഴിച്ചിരുന്നു. 14 മണിക്കൂര്‍ സമയമെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന യാത്രയാണ് എല്ലാവരും ചേര്‍ന്ന് എട്ടു മണിക്കൂര്‍ കൊണ്ട് വിജയകരമാക്കിയത്.

ആംബുലന്‍സിനു സുഗമമായ യാത്ര ഒരുക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ നടന്ന പ്രചാരണത്തോടെയാണ് യുവാക്കള്‍ ഒന്നടങ്കം രംഗത്തിറങ്ങിയത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ചൈല്‍ഡ് പ്രൊട്ടക്റ്റീവിന്റെ അംഗങ്ങള്‍ രാത്രിയിലുടനീളം റോഡിലും ആശുപത്രിയിലും സുരക്ഷയും സഹായങ്ങളുമായി സജീവമായിരുന്നു. പല ആംബുലന്‍സ് ഡ്രൈവര്‍മാരും സഹായത്തിനെത്തിയിരുന്നു.
ആംബുലന്‍സ് ഡ്രൈവര്‍ തമീം
പോലീസും മറ്റു ഉദ്യോഗസ്ഥരും എല്ലാ സഹായവുമായി ഒപ്പം നിന്നതോടെ യാത്ര ചരിത്രത്തില്‍ രേഖപ്പെടുത്തുകയായിരുന്നു. നിശ്ചയിച്ചതിലും നേരത്തെ അപകടമൊന്നും കൂടാതെ സുരക്ഷിതമായി യാത്ര നയിച്ച ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍കോട് പരവനടുക്കം സ്വദേശി തമീമിനും സംഘാങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.