Latest News

ദേശീയപാത സ്ഥലമെടുപ്പ്; മുളിഞ്ചെ, ബാര വില്ലേജുകളിലെ 44 പേർക്കു ഏഴു കോടിയോളം രൂപ നൽകാൻ നടപടിയായി

കാസർകോട്: ദേശീയപാത വികസനത്തിനു സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു മുളിഞ്ചെ, ബാര വില്ലേജുകളിലെ 44 പേർക്കു കെട്ടിട വില ഉൾപ്പെടെ ഏഴു കോടിയോളം രൂപ നൽകാൻ നടപടിയായി. ഇവരിൽ നിന്ന് ആകെ 1.68 ഏക്കർ സ്ഥലമാണ് സർക്കാരിലേക്കു നിക്ഷിപ്തമാക്കിയിട്ടുള്ളത്.[www.malabarflash.com]

സ്ഥലമെടുപ്പു നടപടികൾ പൂർത്തിയാക്കുന്നതിന് ഇവർക്കു നൽകുന്നതിനുള്ള ഏഴു കോടിയോളം രൂപ ഉടൻ ലഭ്യമാക്കണമെന്നു ദേശീയപാത സ്ഥലമെടുപ്പു റവന്യു അധികൃതർ നാഷനൽ ഹൈവേ അതോറിറ്റിക്ക് എഴുതിയിട്ടുണ്ട്.

നേരത്തേ ജില്ലയിലെ 33 വില്ലേജുകളിലായി 22 പേരിൽ നിന്നുള്ള സ്ഥലമെടുപ്പു നടപടികൾ പൂർത്തിയാക്കുന്നതിനു 2,43,78000 രൂപ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ചിട്ടുണ്ട്. അത് സ്ഥലമുടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കും. സ്ഥലമെടുപ്പിന്റെ ആദ്യ സ്ഥലവിലയും നഷ്ടപരിഹാരവും അനുവദിച്ചുകൊണ്ടുള്ള ഇതിന്റെ കൈമാറ്റം പ്രത്യേക ചടങ്ങിൽ നിർവഹിക്കാനാണ് പരിപാടി. 

കെട്ടിടങ്ങളോ കൃഷിയിടമോ ഇല്ലാത്ത തുറസ്സായ സ്ഥലമാണിത്. പാത വികസനത്തിനു സ്വകാര്യ ഉടമകളിൽ നിന്നു 76 ഹെക്ടർ സ്ഥലമാണ് ഇതിനകം സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുള്ളത്.

ഏറ്റെടുക്കുന്നതിനു 19 ഹെക്ടർ സ്ഥലം സർവേ നടപടികളിലാണുള്ളത്. ഉദ്യാവർ, ആരിക്കാടി, കോയിപ്പാടി, മൊഗ്രാൽ വില്ലേജുകളിലാണ് ഈ സ്ഥലം. സർക്കാരിലേക്കു നിക്ഷിപ്തമാക്കി എല്ലാ രേഖകളും പരിശോധിച്ച് ഏറ്റെടുത്ത ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിലയും ആശ്വാസധനവും മാർച്ചിനു മുൻപു കൊടുത്തുതീർക്കാനുള്ള ശ്രമകരമായ ജോലിയിലാണ് അധികൃതർ. 

പെരിയ, മുളിഞ്ചെ വില്ലേജുകളിൽ പൂർത്തിയായ സ്ഥലമെടുപ്പിന്റെ കെട്ടിട നഷ്ടപരിഹാരം ഉൾപ്പെടെ തുക കണക്കാക്കിയുള്ള റിപ്പോർട്ട് ഉടനെ അയക്കും. ദേശീയപാതയിൽ കിലോമീറ്റർ 17.200 മുതൽ 104 വരെ (തലപ്പാടി–കാലിക്കടവ്) പാത വികസനത്തിനു കഴിഞ്ഞ ഒക്ടോബർ 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കിയ ഭൂമിയുടെ ഉടമകൾക്കു വിലയും നഷ്ടപരിഹാരവും അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇതിനായി വിവിധ വില്ലേജുകളിലെ ഉടമകളിൽ നിന്നുള്ള തെളിവെടുപ്പ് 11 മുതൽ 30 വരെ കാസർകോട്ടും കാഞ്ഞങ്ങാട്ടുമുള്ള എൽഎ എൻഎച്ച് സ്പെഷൽ തഹസിൽദാർ ഓഫിസിൽ നടക്കും. 

പുത്തൂർ, കുഡ്‍‍ലു, അടുക്കത്ത്ബയൽ, കാസർകോട്, മുട്ടത്തൊടി, ചെങ്കള, തെക്കിൽ, ബാര, പനയാൽ, പെരിയ, പുല്ലൂർ, അജാനൂർ, ബല്ല, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട്, നീലേശ്വരം, പേരോൽ, ചെറുവത്തൂർ, പിലിക്കോട് വില്ലേജുകളിലായി സർക്കാരിൽ നിക്ഷിപ്തമാക്കിയ സ്ഥലത്തിന്റെ വിലയും നഷ്ടപരിഹാരവുമാണ് നൽകേണ്ടത്. 

ഇതിനായി വസ്തുവിന്റെ വിവിധ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വസ്തുവിന്റെ അസ്സൽ ആധാരം, അടിയാധാരം, പട്ടയം, നടപ്പു സാമ്പത്തിക വർഷത്തെ ഭൂനികുതി രസീത്, വില്ലേജ് ഓഫിസിൽ നിന്നുള്ള കൈവശാവകാശ സർട്ടിഫിക്കറ്റ്, ഏറ്റെടുക്കുന്ന ഭൂമിയിന്മേൽ ജപ്തി നടപടി ഇല്ലെന്ന സർട്ടിഫിക്കറ്റ് (തഹസിൽദാർ, വില്ലേജ് ഓഫിസർ), നോട്ടിസ് കാലയളവു വരെയുള്ള 15 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ് (സബ് റജിസ്ട്രാർ ഓഫിസ്), ഏറ്റെടുക്കുന്ന ഭൂമിയിൽ കെട്ടിടം ഉണ്ടെങ്കിൽ നടപ്പുവർഷത്തെ കെട്ടിടനികുതി രസീത്, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (പഞ്ചായത്ത് ഓഫിസ്), ഏറ്റെടുക്കുന്ന വസ്തുവിന്റെ ഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ മരണ സർട്ടിഫിക്കറ്റ്, അനന്തരാവകാശ സർട്ടിഫിക്കറ്റ് (തഹസിൽദാർ), ഉടമസ്ഥനു പകരം മറ്റാരെങ്കിലുമാണ് ഹാജരാകുന്നതെങ്കിൽ നിയമാനുസൃതം അധികാരപ്പെടുത്തിയിട്ടുള്ള മുക്ത്യാർ, വസ്തുവിന്റെ ഉടമയെ തിരിച്ചറിയുന്നതിനുള്ള തിരിച്ചറിയൽ കാർഡ്, വസ്തുസംബന്ധിച്ച മറ്റു രേഖകൾ എന്നിവയാണ് ഉടമകൾ ഹാജരാക്കേണ്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.