Latest News

കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാർ പിടിയിൽ

തളിപ്പറമ്പ്: ദാനാധാരം റജിസ്റ്റർ ചെയ്യാൻ കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാറെ വിജിലൻസ് പിടികൂടി. എന്നാൽ മണിക്കൂറുകളോളം ഓഫിസിൽ തിരച്ചിൽ നടത്തിയിട്ടും വാങ്ങിയ പണം കണ്ടെത്താനായില്ല. തുടർന്ന് തളിപ്പറമ്പ് സബ് റജിസ്ട്രാർ ഓഫിസ് വിജിലൻസ് പൂട്ടി സീൽ ചെയ്തു.[www.malabarflash.com] 

തളിപ്പറമ്പ് സബ് റജിസ്ട്രാർ പുഴാതി പി.വി.വിനോദ് കുമാറിനെ(48)യാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടിയത്.

തിരച്ചിലിനിടെ മുൻകാലങ്ങളിൽ വാങ്ങിയതെന്നു കരുതുന്ന നിരോധിച്ച അഞ്ഞൂറിന്റെ നോട്ടുകൾ ഉൾപ്പെടെയുള്ള പണം ഫയലുകളിൽക്കിടയിൽ നിന്നു കണ്ടെത്തി. കരിമ്പം സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്ന് ഫിനോഫ്തലീൻ പുരട്ടിയ നോട്ട് കൈമാറിയ ഉടനെയായിരുന്നു അറസ്റ്റ്.

യുവാവിന്റെ മാതാവിന്റെ പേരിലുള്ള സ്ഥലം രണ്ട് മക്കൾക്കായി ദാനാധാരം ചെയ്യാൻ നേരത്തേ പണം വാങ്ങിയിരുന്നുവത്രെ. വീണ്ടും മൂവായിരം രൂപ ആവശ്യപ്പെട്ടപ്പോഴാണ് വിജിലൻസിൽ പരാതി നൽകിയത്.
പണം വാങ്ങിയ വിനോദ്കുമാർ ഓഫിസിലെ റിക്കോർഡ് മുറിയിൽ കൊണ്ടുപോയി വയ്ക്കുകയായിരുന്നു. അപ്പോഴേക്കും പുറത്തു കാത്തുനിന്ന വിജിലൻസ് സംഘം ഓഫിസിൽ കയറി വിനോദ്കുമാറിന്റെ കൈകൾ രാസലായനിയിൽ മുക്കിയപ്പോൾ നിറവ്യത്യാസം കണ്ടു. എന്നാൽ കൈമാറിയ നോട്ടുകൾ കണ്ടെത്താനായില്ല.

ഇതിനായി ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച തിരച്ചിൽ കെഎപിയിൽ നിന്നുള്ള പോലീസുകാരെ ഉപയോഗിച്ചും വൈകിട്ട് 7.30 വരെ നീണ്ടിട്ടും ഫലമില്ലാത്തതിനെ തുടർന്ന് ജില്ലാ റജിസ്ട്രാറെ വിവരമറിയിച്ച് സബ് റജിസ്ട്രാർ ഓഫിസിന്റെ റിക്കോർഡ് മുറി ഉൾപ്പെടെ പൂട്ടി സീൽ ചെയ്യുകയായിരുന്നു. വെളളിയാഴ്ച വീണ്ടും തിരച്ചിൽ നടത്തും.

വിജിലൻസ് അറസ്റ്റ് ചെയ്ത വിനോദ്കുമാറിനെ വെളളിയാഴ്ച രാവിലെ കോഴിക്കോട് വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കും. കണ്ണൂർ വിജിലൻസ് വിഭാഗം സിഐമാരായ കെ.വി.ബാബു, ജി.ബാലചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മുൻകാലങ്ങളിൽ വാങ്ങിയതെന്നു കരുതുന്ന 3600 രൂപയും മൂന്ന് പഴയ അഞ്ഞൂറ് രൂപ നോട്ടുകളുമാണ് ഫയലുകൾക്കിടയിൽ നിന്നു കണ്ടെത്തിയത്.

സ്ഥിരമായി കൈക്കൂലി ആരോപണമുയർന്നിരുന്ന തളിപ്പറമ്പ് സബ് റജിസ്ട്രാർ ഓഫിസിൽ ഓഫിസറെ തന്നെ കൈക്കൂലി വാങ്ങിയതിനു പിടികൂടിയ വിവരമറിഞ്ഞ് വൻജനക്കൂട്ടമാണ് ഓഫിസ് പരിസരത്ത് എത്തിയത്. തളിപ്പറമ്പ് സിഐ പി.കെ.സുധാകരന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.