Latest News

സുധാകരന്റെ മരണം; എസ്‌ഐക്കെതിരെ ആത്മഹത്യാക്കുറിപ്പ്

കാഞ്ഞങ്ങാട്: ആത്മഹത്യ ചെയ്ത കോട്ടച്ചേരിയിലെ മില്‍മ ബൂത്തുടമ നെല്ലിക്കാട് പൈരടുക്കത്തെ സി വി സുധാകരന്‍(48) എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.[www.malabarflash.com]

'എന്റെ മരണത്തിന് കാരണം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ രാഘവന്‍ എസ്‌ഐക്ക് പങ്കുണ്ട്' എന്നെഴുതി സി വി സുധാകരന്‍ പേരും ഒപ്പും ചേര്‍ത്ത കുറിപ്പ് സഹോദരങ്ങള്‍ ബുധനാഴ്ച രാവിലെ ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന് കൈമാറി.

പിണങ്ങിപ്പോയ ഭാര്യ ജിജിതയുടെ പ്രേരണയാല്‍ ഹൊസ്ദുര്‍ഗ് എസ്‌ഐ തന്നെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത സുധാകരന്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.

കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനിയായ ജിജിതയെ 16 വര്‍ഷം മുമ്പാണ് സുധാകരന്‍ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്. ഏതാനും നാളുകളായി ഭാര്യ സുധാകരനുമായി സ്വരചേര്‍ച്ചയിലായിരുന്നില്ല. ഇതു കാരണം കഴിഞ്ഞ ആറുമാസമായി സുധാകരന്‍ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് സഹോദരങ്ങളായ സി വി സരോജനി, സി വി സുനിത, സി വി പ്രേമലത, സുജാത എന്നിവര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് തങ്ങളുടെ ഏക സഹോദരനായ സുധാകരനെതിരെ ഭാര്യ ജിജിത അവരുടെ മുന്‍ പരിചയക്കാരനായ ഹൊസ്ദുര്‍ഗ് എസ്‌ഐയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കുന്നതിന് രണ്ടാഴ്ച മുമ്പ് സുധാകരന്റെ വീട്ടില്‍ നിന്നും ഇറങ്ങിയ ജിജിതയും മക്കളും പയ്യന്നൂരിലുള്ള തറവാട് വീട്ടിലേക്ക് പോയിരുന്നു. അവിടെനിന്ന് സ്വന്തം അച്ഛനെപ്പോലും അറിയിക്കാതെ മക്കളെയും കൂട്ടി സേലത്തേക്ക് പോയി. പിന്നീട് തിരിച്ചുവന്നില്ല.

സുധാകരന്റെ മരണവിവരം അറിയിച്ചിട്ടുപോലും ഭാര്യ വരാന്‍ കൂട്ടാക്കിയില്ലെന്നും ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മക്കളെ ഏറെ സ്‌നേഹിച്ച സുധാകരന്‍ അവരെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നിരുന്നു. അവരുടെ വിദ്യാഭ്യാസം മുടങ്ങുകയും കുട്ടികളെ കാണാതിരിക്കുകയും ചെയ്തതോടുകൂടി സുധാകരന്‍ ഏറെ പ്രയാസം അനുഭവിച്ചുവന്നു. ഇതോടൊപ്പമാണ് ഭാര്യക്കുവേണ്ടി ഒരു പോലീസുദ്യോഗസ്ഥന്‍ തങ്ങളുടെ സഹോദരനെ പീഡിപ്പിച്ചതെന്നും സഹോദരങ്ങള്‍ ജില്ലാ പോലീസ് മേധാവിയെ ധരിപ്പിച്ചിട്ടുണ്ട്.

സുധാകരന്റെ മരണത്തെ ക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി, സ്‌പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി അസൈനാറിനെ ചുമതലപ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.