Latest News

മാധ്യമ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍; കത്തി കണ്ടെടുത്തു

നീലേശ്വരം: മലബാര്‍ വാര്‍ത്ത സബ് എഡിറ്റര്‍ സേതുബങ്കള (48)ത്തെ വെട്ടി കൊല്ലാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട പുതുക്കൈയിലെ കെഎസ്ഇബി കരാര്‍ ഡ്രൈവര്‍ ശശിയുടെ മകന്‍ മിഥുനി(34)നെ നീലേശ്വരം പ്രിന്‍സിപ്പല്‍ എസ്‌ഐ മെല്‍വിന്‍ ജോസും കേസന്വേഷണ ചുമതലയുള്ള എസ്‌ഐ രാജശേഖരനും സംഘവും അറസ്റ്റ് ചെയ്തു.[www.malabarflash.com]

വ്യാഴാഴ്ച രാത്രി ചിറപ്പുറം റോഡില്‍ വെച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സേതുവിനെ വെട്ടാനുപയോഗിച്ച കത്തി നീലേശ്വരം മന്ദംപുറത്തെ കേബിള്‍ ടിവി ഓഫീസില്‍ നിന്നും കണ്ടെടുത്തു.
ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് നീലേശ്വരം തളിയില്‍ ക്ഷേത്രത്തിനടുത്തെ രാജാസ് ഹോസ്റ്റലിനടുത്ത് വെച്ച് മിഥുന്‍ വടിവാള്‍ കൊണ്ട് സേതുവിനെ തലക്ക് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ചവിട്ട് വീഴ്ത്തുകയും മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് മിഥുനിനെതിരെ ഐപിസി 308, 323, 324, 427, 506/2 എന്നീ വകുപ്പുകള്‍ പ്രകാരം വധശ്രമം, ഗൂഢാലോചന, സംഘംചേര്‍ന്ന് അക്രമിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി നീലേശ്വരം പോലീസ് കേസെടുത്തിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ മിഥുന്‍ നീലേശ്വരത്തെ ഒറ്റ നമ്പര്‍ ചൂതാട്ട, ബ്ലേഡ് ഇടപാടുസംഘത്തിന്റെ തലവനായ സയനബാബുവിന്റെ സംരക്ഷണയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഒറ്റനമ്പര്‍ ചൂതാട്ടത്തിനും ബ്ലേഡ് മാഫിയക്കുമെതിരെ തുടര്‍ച്ചയായി വന്ന വാര്‍ത്തകളെ തുടര്‍ന്ന് സയനബാബുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് മിഥുന്‍ സേതുവിനെ ആക്രമിച്ചത്. നീലേശ്വരത്ത് അജ്ഞാത കേന്ദ്രത്തില്‍ വെച്ച് സയനബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം മദ്യസല്‍ക്കാരത്തിലേര്‍പ്പെട്ട ശേഷം ബാബുവിന്റെ കാറിലാണ് വടിവാളുമായി മിഥുനിനെ തളിയില്‍ ക്ഷേത്ര പരിസരത്ത് ഇറക്കിവിട്ടത്.
അറസ്റ്റ് ചെയ്ത മിഥുനിനെ നീലേശ്വരം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോള്‍ ചൂതാട്ടകേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനാല്‍ ഒളിവില്‍ കഴിയുന്ന സയനബാബു വേണ്ട നിര്‍ദ്ദേശങ്ങളുമായി പോലീസ് സ്റ്റേഷന് പുറത്ത് കാവലുണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 20ന് ഉച്ചക്ക് പുതിയകോട്ട യില്‍ നിന്നും സയനബാബുവിന്റെ ഒറ്റനമ്പര്‍ ചൂതാട്ട സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി സെന്തിലിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് സെന്തിലില്‍ നിന്നും പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളുടെയും സിമ്മിന്റെ ഉടമ സയനബാബുവാണെന്നും ഇത് ഒറ്റനമ്പര്‍ ചൂതാട്ടത്തിനായി ഉപയോഗിക്കുന്നതാണെന്നും പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാബുവിനെതിരെ ചൂതാട്ടകേസില്‍ ഒന്നാം പ്രതിയാക്കി കേസെടുത്തത്. 

ഇതിന് ശേഷം ഒളിവില്‍ പോയ ബാബു രണ്ടാഴ്ച മുമ്പും സേതുവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനു ശേഷമാണ് ആക്രമണം നടത്താന്‍ സയനബാബു മിഥുനിനെ ചുമതലപ്പെടുത്തിയത്.
മിഥുനിനെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്‌ഐമാര്‍ക്കു പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയചന്ദ്രന്‍, മനു മണിയറ, ഡ്രൈവര്‍ ഗിരീഷ് എന്നിവരുമുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.