Latest News

ഉംറ നിര്‍വഹിക്കാനെത്തിയ 75 കാരിയുടെ കയ്യില്‍ മയക്കുമരുന്ന്:പ്രധാന പ്രതി അറസ്റ്റിലായി

ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ ഈജിപ്ഷ്യന്‍ വൃദ്ധ തീര്‍ഥാടക മയക്കുമരുന്ന് കടത്തില്‍ അറസ്റ്റിലായ സംഭവത്തിലെ പ്രധാന പ്രതി ഈജിപ്തില്‍ അറസ്റ്റിലായി. ദഖാലിയ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് അബ്ദുല്ല മുഹമ്മദ് അബ്ദുല്ല അല്‍മുന്‍സലാവി എന്നയാളെ പിടികൂടിയത്.[www.malabarflash.com]

ഗിസാ ഗവര്‍ണറേറ്റിലെ ഫൈസല്‍ ഏരിയയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇയാള്‍. സി.സി ടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. 

കുറ്റകൃത്യത്തിന് സഹായിച്ച സഹോദരിയും ഭര്‍ത്താവും നേരത്തെ അറസ്റ്റിലായിരുന്നു. ത്വല്‍ഖാ കോടതി രണ്ടുപേരെയും 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

75,000ത്തോളം വരുന്ന ട്രമഡോള്‍ ഗുളികകളും ഏതാനും മയക്കുമരുന്നുകളുമായി സഅ്ദിയ അബ്ദുസ്സലാം എന്ന വയോധിക തായിഫ് വിമാനത്താവളത്തില്‍ അറസ്റ്റിലായത് ഈജിപ്തില്‍ വന്‍ കോലാഹലം സൃഷ്ടിച്ചിരുന്നു. 

സൗജന്യമായി ഉംറ നിര്‍വഹിക്കാമെന്ന വാഗ്ദാനത്തില്‍ മയങ്ങി ഇവരുടെ കെണിയില്‍ പെട്ടാണ് 75 കാരി കുടുങ്ങിയത്. മരിച്ചുപോയ മാതാവിന് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തില്‍ ഏതാനും പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ ഒരു സൗദി വ്യവസായി ആണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത് എന്നാണ് ഇയാള്‍ ഇവരെ വിശ്വസിപ്പിച്ചത്.

സൗദി പൗരന്റെ ഭാര്യക്ക് നല്‍കണമെന്ന് പറഞ്ഞ് ഏല്‍പിച്ച വസ്ത്രത്തിന്റെ അകത്ത് മയക്കുമരുന്ന് ആണെന്ന് സഅ്ദിയയും കുടുംബവും അറിഞ്ഞിരുന്നില്ല.
മാതാവ് സൗദിയില്‍ കുടുങ്ങിയ വിവരം അറിഞ്ഞപ്പോള്‍ തന്നെ മകള്‍ ഹുദാ ഇക്കാര്യം സുരക്ഷാ വിഭാഗത്തിന് രേഖാമൂലം ബോധിപ്പിച്ചിരുന്നു. തന്റെ മാതാവ് വഞ്ചിക്കപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ജയില്‍ മോചിതയാക്കണമെന്ന് ഹുദാ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനോടും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയോടും ടെലിവിഷനിലൂടെ അഭ്യര്‍ഥിച്ചിരുന്നു. വയോധികരായ തീര്‍ഥാടകരെ ഉപയോഗപ്പെടുത്തി സഊദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് തയാറാക്കിയ പദ്ധതിയാണ് സഅ്ദിയ അറസ്റ്റിലായതോടെ പൊളിഞ്ഞത്.

സൗജന്യ ഉംറ നിര്‍വഹിക്കുന്നതിനായി 10 വയോധികരെ തെരഞ്ഞെടുത്തിരുന്നതായി ഒന്നാം പ്രതി പോലീസിനോട് സമ്മതിച്ചു. ഇവരുടെ മോചനത്തിനായി സൗദി അധികൃതരുമായി ചര്‍ച്ച നടത്തിവരുന്നതായി ഈജിപ്ഷ്യന്‍ സുരക്ഷാ വിഭാഗം അറിയിച്ചു. 

സംഭവത്തിന്റെ ചുരുളഴിഞ്ഞതില്‍ പാവപ്പെട്ട വൃദ്ധ തീര്‍ഥാടകയുടെ കുടുംബവും നാട്ടുകാരും ആശ്വാസത്തിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.