Latest News

ക്രൂരതയ്ക്കിരയായ പെണ്‍കുട്ടിയെ അപമാനിച്ച് കമന്റിട്ടയാളെ ബാങ്ക് ജോലിയില്‍നിന്ന് പുറത്താക്കി

തിരുവനന്തപുരം: കാശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട എട്ടുവയസുകാരിയുടെ മരണത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ച കൊട്ടക് മഹേന്ദ്ര പാലാരിവട്ടം ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍ വിഷ്ണു നന്ദകുമാറിനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കിയതായി ബ്രാഞ്ച് മാനേജര്‍ ജിജി ജേക്കബ് അറിയിച്ചു.[www.malabarflash.com]

ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതി നടപ്പാക്കണം എന്നാവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രതികരണങ്ങളുമായി മുന്നിട്ടിറങ്ങിയ സാഹചര്യത്തിലാണ് വിഷ്ണുവിന്റെ മനുഷത്വരഹിതമായ കമന്റ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായത്. 'ഇവളെയെല്ലാം ഇപ്പൊഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ'- എന്നായിരുന്നു വിഷ്ണുവിന്റെ കമന്റ്.

ഒരു കൊച്ചുകുട്ടിയുടെ അരുംകൊലയെ ഇയാള്‍ നിസ്സാരവത്കരിക്കാനും അപമാനിക്കാനും ശ്രമിച്ചു എന്നു ചൂണ്ടിക്കാട്ടി കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ ജോലിയില്‍ നിന്നും പുറത്താക്കി എന്നു കാണിച്ച് ബാങ്ക് മാനേജര്‍ തന്നെ രംഗത്തെത്തിയത്.

സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രതികരണം നടത്തിയതിനാണ് വിഷ്ണുവിനെതിരെ ബാങ്ക് നടപടി സ്വീകരിച്ചത്. വിഷ്ണുവിനെ അന്വേഷിച്ചും അയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ടും നിരവധി ഫോണ്‍കോളുകളാണ് ബാങ്കിലേക്ക് വന്നിരുന്നതെന്നും മാനേജര്‍ ജിജി ജേക്കബ് വ്യക്തമാക്കി.

വിഷ്ണുവിനെ ജോലിയില്‍നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ക്യാമ്പയിന്‍ കൊട്ടാക്കിന്റെ ഫെയ്സ്ബുക്ക് റേറ്റിങിനെ തകര്‍ത്തിരുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് വിഷ്ണു ഒളിവില്‍ പോയ സാഹചര്യത്തിലാണ് ജനങ്ങള്‍ കൊട്ടക്കിന്റെ ഔദ്യോഗിക പേജില്‍ കയറി പ്രതികരിച്ചത്.

കൊട്ടക്കിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇതുമായി ബന്ധപ്പെട്ടു വന്ന കമന്റുകള്‍ക്ക് മറുപടിയായി വിഷ്ണുവിനെ 11-ാം തീയതി തന്നെ ഉദ്യോഗത്തില്‍ നിന്നും പുറത്താക്കിയിരുന്നു എന്നു കാണിച്ച് ഔദ്യോഗിക വിശദീകരണവും നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.