Latest News

വൈദ്യുതി ഉപയോഗം കുറച്ച് ആഗോള താപനംപോലുള്ള വിപത്തുകളെ നേരിടണം: മുഖ്യമന്ത്രി

പിലിക്കോട്: വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ കഴിയുന്നതിലൂടെ ആഗോള താപനംപോലുള്ള വിപത്തുകളെ നേരിടാനും നമ്മുക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.[www.malabarflash.com] 

ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞാല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി വരുന്ന ഒരു കിലോഗ്രാം കല്‍ക്കരി ഉപയോഗിക്കാതിരിക്കാന്‍ കഴിയും. ഇതിലൂടെ ആഗോള താപനത്തെയും നേരിടാന്‍ കഴിയും. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണത്തിനും ആഗോള താപനം പോലെയുള്ള കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്നുണ്ട്. 

ഇക്കാര്യത്തെക്കുറിച്ച് നമ്മുടെ ജനങ്ങളില്‍ പലര്‍ക്കും ധാരാണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ പിലിക്കോടിനെ രാജ്യത്തെ ആദ്യത്തെ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിലിക്കോട് നടപ്പിലാക്കിയത് സംസ്ഥാനത്താകെ നടപ്പിലാക്കുവാന്‍ കഴിയുമോയെന്ന് നേരത്തെതന്നെ സര്‍ക്കാരിന്റെ ആലോചനയില്‍ ഉണ്ടായിരുന്ന കാര്യമാണ്. സോളാറില്‍ നിന്ന് വ്യാപകമായി വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന തരത്തിലുള്ള വീടുകളും കെട്ടിടങ്ങളും നമ്മുക്ക് ധാരാളമുണ്ട്. 

സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നാണ് നമ്മള്‍ വാങ്ങുന്നത്. 30 ശതമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. അതില്‍ ഏറിയ പങ്കും ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ്.മഴയുടെ ലഭ്യതയ്ക്കനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുറച്ചുകൊണ്ടും സോളാര്‍ പോലെയുള്ള വൈദ്യുത ഉല്‍പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. 

വൈദ്യുതി മേഖലയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. കേരളത്തിന്റെ പൊതുവികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തില്‍ എല്ലാവരുടെയും സഹകരണത്തോടെ വൈദ്യുതി ബോര്‍ഡിനെ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ കേരള ടീമിലെതാരവും പിലിക്കോട് സ്വദേശിയുമായ കെ.പി രാഹുലിനെ മുഖ്യമന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചു. പി.കരുണാരന്‍ എം.പി മുഖ്യാതിഥിയായിരുന്നു. 

ഖാദിബോര്‍ഡ്വൈസ് ചെയര്‍മാന്‍ എം.വി ബാലകൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമന്‍, ജില്ലാപഞ്ചായത്ത് അംഗം പി.വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കൃഷ്ണന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍, ഇ.കുഞ്ഞിരാമന്‍, കെ.വി ഗംഗാധരന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, ടി.കെ പൂക്കോയ തങ്ങള്‍, എന്‍ ഭാസ്‌കരന്‍, ടി. പി അടിയോടി, പി.വി ഗോവിന്ദന്‍, അനര്‍ട്ട് ഡയറക്ടര്‍ ആര്‍.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇ എം സി ഡയറക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ സ്വാഗതവും സംഘാടകസമിതി ജനറല്‍കണ്‍വീനര്‍ എംകെ ഹരിദാസ് നന്ദിയും പറഞ്ഞു. പ്രഖ്യാപനത്തിന് മുന്നോടിയായി കാലിക്കടവ് സിന്‍ഡിക്കേറ്റ് ബാങ്കിന് സമീപം അനെര്‍ട്ടിന്റെയും ഇഎംസി കേരളയുടെയും സഹകരണത്തോടെ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.