Latest News

മലയാളികളായ ജോര്‍ജിനും ഹാരിസിനും ഖാദറിനും ജയം

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മലയാളികളായ മൂന്നു സ്ഥാനാര്‍ഥികള്‍ക്കു വിജയം.കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച കെ ജെ ജോര്‍ജ്, എന്‍ എ ഹാരിസ്, യു.ടി.ഖാദര്‍ എന്നിവരാണ് വിജയിച്ചത്.[www.malabarflash.com]

സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്നു കെ ജി ജോര്‍ജ്. സര്‍വജ്ഞപുര മണ്ഡലത്തില്‍നിന്നാണ് ഇദ്ദേഹം വിജയിച്ചത്.മാംഗ്ലൂര്‍ സിറ്റിയില്‍ന്നാണ് സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയായ യു.ടി ഖാദറിന്റെ വിജയം. ശാന്തിനഗര്‍ മണ്ഡലത്തില്‍നിന്നാണ് എന്‍ എ ഹാരിസ് വിജയിച്ചിരിക്കുന്നത്.

കോട്ടയം ചിങ്ങവനം സ്വദേശിയായ ജോര്‍ജ് കര്‍ണാടകത്തില്‍ സ്ഥിരതാമസക്കാരനാണ്. 1985-ലാണ് ആദ്യമായി ഭാരതിനഗര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 80-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലും വീരേന്ദ്രപാട്ടീല്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയും ബംഗാരപ്പ മന്ത്രിസഭയില്‍ നഗരവികസന മന്ത്രിയുമായി. 

2013-ലെ തിരഞ്ഞെടുപ്പില്‍ സര്‍വജ്ഞാനനഗര്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി.യുടെ പദ്മനാഭ റെഡ്ഡിയോട് 69,673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. സിദ്ധരാമയ്യ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ജോര്‍ജ് മുതിര്‍ന്ന നേതാവ് പരമേശ്വരയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞുകൊടുത്തു. 

പിന്നീട് ബെംഗളൂരു നഗരവികസനമന്ത്രിയായി ചുമതലയേറ്റു. തുടര്‍ന്ന് ഡിവൈ.എസ്.പി. എം.കെ. ഗണപതിയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പദവിയില്‍ തിരിച്ചെത്തി.

കാസര്‍കോട് അടിവേരുകളുള്ള എന്‍.എ. ഹാരിസ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ ഡോ. എന്‍.എ. മുഹമ്മദിന്റെ മകനാണ്. ശാന്തിനഗറിലെ സിറ്റിങ് എം.എല്‍.എ.യായ ഇദ്ദേഹത്തിന്റെ പേര് അവസാന ലിസ്റ്റിലാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഈയിടെ മകന്‍ മുഹമ്മദ് ഹാരിസിനെതിരായ കേസിനെത്തുടര്‍ന്ന് പ്രഖ്യാപനം വൈകുകയായിരുന്നു. ശാന്തിനഗറില്‍നിന്ന് രണ്ടുതവണ മത്സരിച്ച് ജയിച്ചയാളാണ് അദ്ദേഹം.

മംഗളൂരു മണ്ഡലത്തില്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ യു.ടി ഖാദര്‍ ചെറിയ കാലയളവിനുള്ളില്‍ തന്നെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സാന്നിദ്ധ്യം ഉറപ്പിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന യു.ടി ഫരീദിന്റെ മരണത്തെ തുടര്‍ന്ന് 2007ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 

ആദ്യ മത്സരത്തില്‍ വിജയം നേടിയ ഖാദര്‍ തുടര്‍ന്നു നടന്ന പൊതു തിരഞ്ഞെടുപ്പിലും മംഗളൂരുവില്‍ നിന്നും നിയമസഭയിലെത്തി. ഇരുത്തം വന്ന രാഷ്ട്രീയക്കാരന് അംഗീകാരമായി മന്ത്രിസ്ഥാനവും ലഭിച്ചു.

ബൊമ്മനഹള്ളി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച അനില്‍ കുമാറും ബെംഗളൂരുവിലെ ശാന്തിനഗറില്‍ എഎപി സ്ഥാനാര്‍ഥിയായി മത്സരിച്ച രേണുകാ വിശ്വനാഥനുമാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ മത്സരിച്ച മറ്റ് രണ്ട് മലയാളികള്‍. ഇരുവരും പരാജയപ്പെട്ടു.

തിരുവനന്തപുരം കാട്ടാക്കട ആമച്ചല്‍ സ്വദേശിയായ അനില്‍കുമാര്‍ ദീര്‍ഘകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ അനില്‍കുമാര്‍ സാമൂഹിക സേവനരംഗത്തും സജീവമാണ്. ബൊമ്മനഹള്ളി സിങ്ങസാന്ദ്രയിലാണ് താമസം. അനില്‍കുമാറിനും ഭാര്യക്കും കൂടി 339 കോടി രൂപയുടെ ആസ്തിയുള്ളതായി പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകത്തിലെ ആദ്യ വനിതാ ഡെപ്യൂട്ടി കമ്മിഷണറായിരുന്നു രേണുകാ വിശ്വനാഥന്‍. 1978-ല്‍ ഉത്തര കന്നഡ ജില്ലയില്‍ ഡെപ്യൂട്ടി കമ്മിഷണറായാണ് (ജില്ലാ കളക്ടര്‍) ആദ്യ നിയമനം. തുടര്‍ന്ന് സംസ്ഥാനത്തും കേന്ദ്രസര്‍ക്കാരിലുമായി വിവിധ തസ്തികകള്‍. 2008 ഡിസംബര്‍ 31-ന് വിരമിക്കുമ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറിപദവിയിലായിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ സഹോദരന്‍ രഘു സര്‍വീസില്‍നിന്ന് സ്വയംവിരമിച്ച് സഹോദരിക്കും ആം ആദ്മി പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി.സി. രാഘവന്റെയും ഡോ. ചെമ്പകം രാഘവന്റെയും മകളായ രേണുകാ വിശ്വനാഥന്റെ കരുത്ത് ഭരണരംഗത്തെ അനുഭവസമ്പത്താണ്. ഐ.പി.എസ്. ഓഫീസറായിരുന്ന ഭര്‍ത്താവ് ആര്‍. വിശ്വനാഥന്‍ 2016-ല്‍ മരിച്ചു. ഏകമകള്‍ ലാവണ്യ വിദേശത്താണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.