Latest News

കാസർകോട്ട് സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധിച്ച് എംഎൽഎ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി

കാസർകോട്: പുതുതായി ആരംഭിച്ച അന്ത്യോദയ എക്സ്പ്രസ് ട്രെയിനിനു ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അപായച്ചങ്ങല വലിച്ചു വണ്ടി നിർ‌ത്തിച്ചു. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) എംഎൽഎക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച  രാവിലെ എട്ടിനാണു സംഭവം.[www.malabarflash.com]

നിയമസഭാ സമ്മേളനം കഴിഞ്ഞു തിരുവനന്തപുരത്തു നിന്ന് അന്ത്യോദയ എക്സ്പ്രസിൽ നാട്ടിലേക്കു മടങ്ങുകയായിരുന്നു എംഎൽഎ. ട്രെയിൻ കാസർകോട് സ്റ്റേഷനിലെത്തുന്നതിനു 100 മീറ്റർ മുൻപാണ് അപായച്ചങ്ങല വലിച്ചത്.

പ്ലാറ്റ്ഫോമിൽ എത്തുന്നതിനു മുൻപേ ട്രെയിൻ നിന്നു. കാസർകോട്ട് സ്റ്റോപ്പ് ആവശ്യപ്പെട്ടു സമരം നടത്തുന്ന മുസ്‌ലിം ലീഗ് പ്രവർത്തകർ ആ സമയത്തു ട്രെയിൻ തടയാൻ സ്റ്റേഷനിലുണ്ടായിരുന്നു. ട്രെയിൻ നിന്ന ശേഷം പ്രവർത്തകർ ട്രാക്കിലിരുന്നു മുദ്രാവാക്യം വിളിച്ചു. 8.03നു നിന്ന ട്രെയിൻ 8.22നാണ് യാത്ര തുടർന്നത്.

അനാവശ്യമായി അപായച്ചങ്ങല വലിച്ചാൽ പിഴയോ തടവോ ആണു ശിക്ഷ. മംഗളൂരുവിൽ നിന്ന് ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർ പി.ഫിറോസ് കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തി എംഎൽഎയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

അത്യവശ്യഘട്ടമായതിനാലാണു ചങ്ങല വലിച്ചതെന്നും ട്രെയിനുകൾ നിർത്താതെ പോകുന്നതിനെതിരെ റെയിൽവേ ചെയർമാൻ ഉൾപ്പെടെയുള്ളവർക്കു നൽകിയ നിവേദനത്തിലെ ആവശ്യം മൊഴിയായി നൽകിയതായും എംഎൽഎ അറിയിച്ചു.

ട്രെയിൻ തടഞ്ഞു ഗതാഗതം തടസ്സപ്പെടുത്തിയതിനു ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽറഹ്മാൻ ഉൾപ്പെടെ 10 പേരെ ആർപിഎഫ് അറസ്റ്റ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.