Latest News

കാസര്‍കോട് നഗരസഭയില്‍ മുസ്ലിംലീഗ്- ബിജെപി കൂട്ടുകെട്ടില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം: സിപിഎം

കാസര്‍കോട്: അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കാത്ത ജീവനക്കാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് കാസര്‍കോട് നഗരസഭയില്‍ മുസ്ലിംലീഗ്- ബിജെപി കൂട്ടുകെട്ടിന്റേതെന്ന് സിപിഐ എം ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.[www.malabarflash.com] 

കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് അടുത്തനാളായി പുറത്തുവന്നിട്ടുള്ളത്. ഇവ സംബന്ധിച്ച് വിജിലന്‍സില്‍ പരാതിക്കൂമ്പാരമാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തെളിവുള്‍പ്പെടെ ഹാജരാക്കാന്‍ തയ്യാറാകുന്ന ജീവനക്കാരെ ഏതുവിധേനയും ജോലിയില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമമാണ് ഭരണകക്ഷിയായ മുസ്ലിംലീഗ് നടത്തുന്നത്. 

ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത് അഴിമതിയുടെ പങ്കുപറ്റുന്ന സമീപനമാണ് ബിജെപിയുടേത്. ബിജെപി കൗണ്‍സിലര്‍മാരുള്ള വാര്‍ഡുകളില്‍ നിയമവിരുദ്ധമായി ചെയ്ത നിരവധി പ്രവൃത്തികളുണ്ട്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ കീശയിലാക്കിയത്. ഇതിലൂടെ ബിജെപി കൗണ്‍സിലര്‍മാരെ നിശബ്ദരാക്കി മറുവശത്ത് അതിനേക്കാളേറെ രൂപയുടെ അഴിമതിയാണ് ലീഗുകാര്‍ നടത്തുന്നത്. 

രാഷ്ട്രീയ എതിരാളികളാണെന്ന് അണികളോട് പറയുമ്പോഴും ഇരുകൂട്ടരും ഒരേ കുടത്തില്‍നിന്ന് കൈയിട്ടു വാരുകയാണ്.
വിവരാവകാശ നിയമപ്രകാരം നഗരസഭയില്‍ നടക്കുന്ന വന്‍ തട്ടിപ്പുകള്‍ പുറത്തുവന്നതോടെ ഭരണസമിതിയും കൂട്ടുനിന്ന ഉദ്യോഗസ്ഥരും പിടിക്കപ്പെടുമെന്നറുപ്പായി. ഈ അഴിമതിക്കാര്‍ക്കൊപ്പം സഞ്ചരിച്ച ബിജെപിക്കാരും കുടുങ്ങുമെന്നുറപ്പാണ്. അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വന്നാല്‍ അഴിമതിയുടെ നിരവധിയായ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറായി ചില ജീവനക്കാര്‍ മുന്നോട്ടുവന്നിരുന്നു. ഇവരെ വരുതിയിലാക്കാനായി ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കി പ്രതിക്കൂട്ടിലാക്കാനാണ് ലീഗ്- ബിജെപി കൂട്ടുകെട്ടിന്റെ ശ്രമം. 

ഇതിന് അവസാനത്തെ ഉദാഹരണമാണ് മൂന്നാം ഗ്രേഡ് ഓവര്‍സിയറായ സി എസ് അജിതയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ചെയര്‍പേഴ്‌സണിന്റെയും സെക്രട്ടറിയുടെയും നീക്കം. കൗണ്‍സില്‍ യോഗത്തിലുണ്ടാകാത്ത തീരുമാനം കൗണ്‍സിലര്‍മാരുടെ പേരില്‍ കെട്ടിച്ചമച്ച് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
ബിജെപി പ്രവര്‍ത്തകനായ പത്മനാഭ അയല്‍വാസിയുടെ വീടിന് മുന്നില്‍നിന്ന് ഫോട്ടോയെടുത്ത് തന്റെ വീടാണെന്നു പറഞ്ഞ് നഗരസഭയില്‍ നല്‍കിയിട്ടുണ്ട്. പിന്നീട് തനിക്ക് വീട് മാറിപ്പോയെന്ന് പറഞ്ഞാല്‍ അത് മുഖവിലക്കെടുക്കുന്നത്ര ഗതികേടിലേക്ക് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തരംതാണിരിക്കുകയാണ്. 

അര്‍ഹതയില്ലാത്തവര്‍ ഭവനനിര്‍മാണത്തിന് ഫണ്ട് വാങ്ങിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടതാണ്. ഇതിനുപകരം അനര്‍ഹമായി ധനസഹായം വാങ്ങിച്ചത് റിപ്പോര്‍ട്ട് ചെയ്ത ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്ത ചെയര്‍പേഴ്‌സണിന്റെയും സെക്രട്ടറിയുടെയും നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ പറഞ്ഞു.
കൗണ്‍സില്‍ യോഗത്തിലെടുക്കാത്ത തീരുമാനം വ്യാജമായുണ്ടാക്കി ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്യാന്‍ കൂട്ടുനിന്ന സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശമന്ത്രിക്കും മുഖ്യമന്ത്രിക്കും സിപിഐ എം ഏരിയാകമ്മിറ്റി പരാതി നല്‍കി.

അഴിമതിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്ത നഗരസഭാ ചെയര്‍പേഴ്‌സണിന്റെ നടപടി പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 
നഗരസഭയില്‍ ഭരണകക്ഷിയായ മുസ്ലിംലീഗും മുഖ്യ പ്രതിപക്ഷമായ ബിജെപിയും ചേര്‍ന്നുള്ള വന്‍ തട്ടിപ്പാണ് നടക്കുന്നത്. ഇതിന് തടയിടുന്നവിധം റിപ്പോര്‍ട്ട് നല്‍കുന്ന ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന സമീപനമാണ് നഗര ഭരണക്കാരുടേത്. 

അയല്‍വാസിയുടെ വീട് ചൂണ്ടിക്കാണിച്ച് പണം തട്ടാനുള്ള ബിജെപി പ്രവര്‍ത്തകന്റെ നീക്കം ചൂണ്ടിക്കാണിച്ചതിനുള്ള പ്രതികാരമായാണ് ലീഗ്- ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഓവര്‍സിയര്‍ക്കെതിരെ നടപടിയെടുത്തത്. 

നഗരസഭയിലെ ആറാംവാര്‍ഡില്‍ ഭൂപാസ് കോംപൗണ്ടിലുള്ള പത്മനാഭയ്ക്ക് വേണ്ടി വാദിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ആവശ്യമായ ഒത്താശയാണ് ഭരണകക്ഷിയായ ലീഗ് സ്വീകരിച്ചത്. നഗരസഭയില്‍ ലീഗ്- ബിജെപി കൗണ്‍സിലര്‍മാരുള്ള വാര്‍ഡുകളിലായി ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി പുറത്തുവന്നിട്ടുണ്ട്. ഇവയ്ക്ക് മറയിടാന്‍ അഴിമതിക്കാരെ സംരക്ഷിക്കുകയും എതിര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതുമായ രീതി അംഗീകരിക്കാനാവില്ല. 

കൗണ്‍സില്‍ തീരുമാനംപോലുമില്ലാതെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ തയ്യാറാകണമെന്ന് ബ്ലോക്ക്കമ്മിറ്റി ആവശ്യപ്പെട്ടു.

സസ്‌പെന്‍ഷന്‍ നടപടി ചെയര്‍പേഴ്‌സണും സെക്രട്ടറിയും ചേര്‍ന്നെടുത്തതാണെന്നും കൗണ്‍സില്‍ യോഗത്തില്‍ ഇത്തരത്തിലുള്ള തീരുമാനമുണ്ടായില്ലെന്നും കൗണ്‍സിലര്‍ കെ ദിനേശന്‍ 

നഗരസഭയിലെ മൂന്നാംഗ്രേഡ് ഓവര്‍സിയറായ സി എസ് അജിതയ്‌ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി ചെയര്‍പേഴ്‌സണും സെക്രട്ടറിയും ചേര്‍ന്നെടുത്തതാണെന്നും കൗണ്‍സില്‍ യോഗത്തില്‍ ഇത്തരത്തിലുള്ള തീരുമാനമുണ്ടായില്ലെന്നും കൗണ്‍സിലര്‍ കെ ദിനേശന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

കൗണ്‍സില്‍ യോഗത്തിലെടുക്കാത്ത പല തീരുമാനങ്ങളും ഐക്യകണ്‌ഠേന എന്ന വ്യാജേന നഗരഭരണക്കാരുടെ നിര്‍ദേശാനുസരണം സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിലേക്കുപോലും അയച്ചുകൊടുക്കുകയാണ്.
ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ച ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സിലില്‍ വന്നെങ്കിലും ഓവര്‍സിയറെ സസ്‌പെന്‍ന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നില്ല. നഗരസഭയില്‍ ബിപിഎല്‍ ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളെ സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും ഈ ഓവര്‍സിയറെ സമിതിയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതിനു മാത്രമാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. 

എന്നാല്‍ വൈകിട്ട് ചെയര്‍പേഴ്‌സണും സെക്രട്ടറിയും ചേര്‍ന്ന് ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്യാന്‍ കൗണ്‍സില്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചതായി പത്രക്കുറിപ്പിറക്കി. നഗരസഭ കൗണ്‍സിലില്‍ തീരുമാനിക്കാത്ത കാര്യം വ്യാജമായി തയ്യാറാക്കി പത്രക്കുറിപ്പിറക്കിയ ചെയര്‍പേഴ്‌സണിന്റെ നടപടി അപലപനീയമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.