Latest News

ദേശീയപാത നാലുവരിയാക്കല്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാന്‍ കഴിയുമെന്ന് മന്ത്രി ജി.സുധാകരന്‍

കാസര്‍കോട്: ദേശീയ പാത നാലുവരിയാക്കുന്നതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ കാസര്‍കോട് നടത്താന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.[www.malabarflash.com]

ദേശീയപാത നാലുവരിയാക്കുന്നതിനായി കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതലുള്ള രണ്ടു റീച്ചുകളിലെ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ടെണ്ടറുകള്‍ക്ക് അനുമതി കാത്തിരിക്കുകയായിരുന്നു. ടെണ്ടറുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി രണ്ടുദിവസംമുമ്പ് ലഭിച്ചു. 

മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെ തീയതി ഒരുമിച്ചുകിട്ടുന്ന ദിവസം സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് നടത്താനാണ് ശ്രമിക്കുന്നത്. ഇരുവരുടെയും സമയം ചോദിച്ചിട്ടുണ്ട്. ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ ദേശീയപാതല നാലുവരിയാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് വടക്കേയറ്റത്ത് നടത്തുവാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മധൂര്‍-ബദിയഡുക്ക ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറത്തിക്കുണ്ട് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാസര്‍കോട് ജില്ലയില്‍ മാത്രം ദേശീയപാതയ്ക്കായി 86 കിലോമീറ്ററിന് 4300 കോടിയോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥലമെടുക്കല്‍, റോഡിന് വീതി കൂട്ടല്‍, പാലങ്ങളുടെ നിര്‍മ്മാണം ഉള്‍പ്പെടെ ഒരു കിലോമീറ്ററിന് 50 കോടി രൂപ ചിലവാകും. ജില്ലയില്‍ രണ്ടു റീച്ചുകള്‍ക്ക് 1750 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാസര്‍കോട് നിയോജക മണ്ഡലത്തിലും കഴിഞ്ഞ രണ്ടുവര്‍ഷമായി വലിയതോതിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു. കൊറത്തിക്കുണ്ട് പാലം വീതികൂട്ടി പുനര്‍നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടുകൊടുത്ത ശിവരാം ഭട്ടിന് ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. 

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.എസ് അഹമ്മദ്, പ്രഭാശങ്കര്‍ റൈ, ബദിയടുക്ക ഗ്രാമപഞ്ചായത്ത് അംഗം സിറാജ് മുഹമ്മദ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സിഎച്ച് ശങ്കരന്‍, എ.അബ്ദു റഹ്മാന്‍, മാഹിന്‍ കേളോട്ട്, കെ.ചന്ദ്രശേഖര ഷെട്ടി,അനന്തന്‍ നമ്പ്യാര്‍, ടിമ്പര്‍ മുഹമ്മദ്,നാഷണല്‍ അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.പിഡബ്‌ളുഡി നോര്‍ത്ത് സര്‍ക്കിള്‍ സുപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട് സ്വാഗതവും പിഡബ്‌ളുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി.റിയാദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.