Latest News

സ്വീഡനെ വീഴ്ത്തി ജർമനി റഷ്യൻ ലോകകപ്പിൽ പ്രതീക്ഷ കാത്തു

സോച്ചി: അവസാന മിനിറ്റ് വരെ ഇഞ്ചോടിഞ്ച് പൊരുതിയ സ്വീഡന്റെ ഹൃദയം തകർത്ത് ഇൻജുറി ടൈമിലെ ‘ക്രൂസ് മിസൈൽ’. സമനിലയെന്ന് ഉറപ്പിച്ച മൽസരത്തിന്റെ ഇൻജുറി ടൈമിൽ ടോണി ക്രൂസ് നേടിയ ഫ്രീകിക്ക് ഗോളിൽ സ്വീഡനെ വീഴ്ത്തി ജർമനി റഷ്യൻ ലോകകപ്പിൽ പ്രതീക്ഷ കാത്തു.[www.malabarflash.com]

ആദ്യപകുതിയിൽ ടോയ്‍വോനൻ നേടിയ ഗോളിൽ മുന്നിൽക്കയറിയ സ്വീഡനെ, രണ്ടാം പകുതിയിൽ മാർക്കോ റ്യൂസ് (48), ടോണി ക്രൂസ് (90+6) എന്നിവർ നേടിയ ഗോളുകളിലാണ് ജർമനി വീഴ്ത്തിയത്. തകർപ്പൻ സേവുകളുമായി കളംനിറഞ്ഞ ഗോൾകീപ്പർ മാനുവൽ ന്യൂയറിന്റെ പ്രകടനവും നിർണായകമായി.

രണ്ടാം മഞ്ഞക്കാർഡ് കണ്ട ജെറോം ബോട്ടെങ് പുറത്തായതോടെ 10 പേരുമായി കളിച്ചാണ് ജർമനി വിജയഗോൾ നേടിയത്. ആദ്യപകുതിയിൽ അർഹിച്ച പെനൽറ്റി നഷ്ടമായതുൾപ്പെടെയുള്ള നിർഭാഗ്യങ്ങളും സ്വീഡന് വിനയായി. അതേസമയം, കളിയിലുടനീളം മേധാവിത്തം പുലർത്തിയ ജർമനിക്ക്, ഗോൾ നേടാനാകാതെ പോയതാണ് സമ്മർദ്ദം കൂട്ടിയത്.

ഈ വിജയത്തോടെ രണ്ടു മൽസരങ്ങളിൽനിന്ന് ജർമനിക്കു മൂന്നു പോയിന്റായി. ആദ്യമൽസരത്തിൽ ദക്ഷിണ കൊറിയയെ വീഴ്ത്തിയ സ്വീഡനും മൂന്നു പോയിന്റുണ്ട്. ആദ്യ രണ്ടു മൽസരങ്ങളും വിജയിച്ച മെക്സിക്കോയ്ക്ക് ആറു പോയിന്റുണ്ടെങ്കിലും മൂന്നു ടീമുകൾക്കും ഇപ്പോഴും പ്രീക്വാർട്ടർ സാധ്യതയുണ്ട്. ആറു പോയിന്റുള്ള മെക്സിക്കോയ്ക്ക് മുൻതൂക്കം ഉണ്ടെന്നു മാത്രം. 

അടുത്ത മൽസരത്തിൽ സ്വീഡൻ മെക്സിക്കോയെയും ജർമനി ദക്ഷിണകൊറിയെയും തോൽപ്പിച്ചാൽ ഇരു ടീമുകൾക്കും പ്രീക്വാർട്ടർ സാധ്യത തെളിയും. ഇതോടെ ഗ്രൂപ്പിലെ അവസാന മൽസരങ്ങൾ നിർണായകമായി. രണ്ടു കളികൾ തോറ്റ ദക്ഷിണ കൊറിയ പുറത്തായിക്കഴിഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.