Latest News

ഗര്‍ഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: പോലീസ് അന്വേഷണം തുടങ്ങി

തൃശൂര്‍: കടങ്ങോട് പള്ളിമേപ്പുറത്ത് ഗര്‍ഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.[www.malabarflash.com] 

യുവതിയെ ഭര്‍ത്താവ് നിരന്തരം ശാരീരിക -മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു 

കടങ്ങോട് പള്ളിമേപ്പുറം പുതുവീട്ടില്‍ ഹുസൈന്‍ എന്ന ഹാഷിമിന്റെ ഭാര്യ 22 വയസുള്ള ജാസ്മിനെയാണ് കഴിഞ്ഞ ദിവസം ഭര്‍ത്തൃ ഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉയരം കുറവുള്ള മേല്‍ക്കൂരയില്‍ കുരുക്കിയ തുണിയില്‍ തൂങ്ങി നിന്നിരുന്ന മൃതദേഹത്തിന്റെ കാലുകള്‍ കിടപ്പുമുറിയിലെ കട്ടിലില്‍ തട്ടി കാല്‍മുട്ടുകള്‍ മടങ്ങിയ നിലയിലായിരുന്നു.

വയനാട് വഴുതന പഞ്ചായത്തിലെ അച്ചൂര്‍ സ്വദേശി അഞ്ചുകണ്ടത്തില്‍ അഷറഫിന്റെ മകളാണ് ജാസ്മിന്‍. എട്ട് വയസില്‍ പിതാവ് നഷ്ടപ്പെട്ട ജാസ്മിന്‍ മാതൃസഹോദരിയോടൊപ്പമായിരുന്നു താമസം. 2018 ഫെബ്രുവരി 24 ന് മുസ്ലിം ലീഗ് കണിയാംപറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമൂഹ വിവാഹത്തിലൂടെയാണ് ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചത്.

വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാള്‍ തന്നെ ഹാഷിം ജാസ്മിനെ മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇക്കാലയളവില്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ ഹാഷിം അനുവദിച്ചിരുന്നില്ല. രണ്ടാഴ്ച മുമ്പ് ജാസ്മിന്‍ മാതൃ സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് തന്നെ ഭര്‍ത്താവ് നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുന്നതായി പറഞ്ഞത്.

ഗര്‍ഭിണിയായ തന്നെ ഭര്‍ത്താവ് പട്ടിണിക്കിടാറുണ്ടെന്നും ജാസ്മിന്‍ പറഞ്ഞതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീട്ടുകാരെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ അനുവദിക്കാത്ത ഹാഷിം വലിയ രീതിയിലുള്ള ശരീരിക മാനസിക പീഡനങ്ങള്‍ക്ക് ജാസ്മിനെ ഇരയാക്കിയിരുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജാസ്മിന്റെ മാതൃസഹോദരന്‍ പറഞ്ഞു. 

കുന്നംകുളം തഹസില്‍ദാര്‍ ബ്രീജകുമാരി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി മൃതദേഹം ബസുക്കള്‍ക്ക് വിട്ടുനല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.