വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കരുണാനിധിയുടെ ആരോഗ്യ നില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് കാവേരി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു. ഇതോടെയാണ് പ്രമുഖർ കരുണാനിധിയുടെ വസതിയിലേക്ക് എത്തി തുടങ്ങിയത്. രാത്രി 9.45 ന് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം മന്ത്രിമാരായ ഡി. വിജയകുമാർ, പി. തങ്കമണി, എസ്.പി വേലുമണി എന്നിവർ കരുണാനിധിയുടെ വീട്ടിലെത്തി. കമൽഹാസനും കരുണാനിധിയെ കാണാനെത്തി.
കരുണാനിധിയുടെ ആരോഗ്യത്തിൽ ആശങ്കയിലായ ഡിഎംകെ പ്രവർത്തകർ വീടിനു മുന്നിൽ തടിച്ചുകൂടി നിൽക്കുകയാണ്. ചെന്നൈയിൽ തമിഴ്നാട് പോലീസിന്റെ ഉന്നതതലയോഗം ചേർന്നു.
കരളിലും മൂത്ര നാളിയിലും അണുബാധ ഉണ്ടായതാണ് ആരോഗ്യസ്ഥിതി ഗുരുതരമാകാൻ കാരണമായത്. ചികിത്സയ്ക്കായി നേരത്തെ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും വീണ്ടും വീട്ടിലേക്ക് മടക്കിയിരുന്നു. അദ്ദേഹത്തിന് ആശുപത്രിയിൽ ലഭിക്കുന്ന തരത്തിലുള്ള ചികിത്സയാണ് വീട്ടിലും നൽകുന്നത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ബന്ധുക്കളടക്കം സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറും ഇടവിട്ട് ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
No comments:
Post a Comment